കൊച്ചി കായലിൽ നീരണിയാനൊരുങ്ങി രാജ്യത്തെ ആദ്യ സൗരോർജ ക്രൂസ് 'ഇന്ദ്ര'

Tuesday 28 February 2023 12:00 AM IST

ആലപ്പുഴ: രാജ്യത്തെ ആദ്യ സൗരോർജ ക്രൂസ് 'ഇന്ദ്ര' ഏപ്രിലിൽ കൊച്ചി കായലിൽ നീരണിയും. ജലഗതാഗതവകുപ്പിന്റെ സ്വപ്‌ന പദ്ധതിയായ 'ഇന്ദ്ര'യുടെ നിർമ്മാണം പൂർത്തിയാക്കി ബാറ്ററി ചാർജ് പരിശോധന പാണാവള്ളിയിലെ സ്വകാര്യ യാർഡിൽ ആരംഭിച്ചു.

ഫൈബർ കറ്റാമറൈനിലുള്ള ക്രൂസിന്റെ കൺട്രോൾ സിസ്‌റ്റം ഫ്രഞ്ച് നിർമ്മിതമാണ്. സൗരോർജത്തിലും വൈദ്യുതിയിലും പ്രവർത്തിക്കും. 10,000 രൂപയുടെ ഡീസൽ വേണ്ടിടത്ത് 500 രൂപയുടെ സോളാർ വൈദ്യുതി മതിയാവും. കൊച്ചി കായലിൽ സ്വകാര്യ ബോട്ടുകൾ വിനോദസഞ്ചാരത്തിനായി മണിക്കൂറിന് ഒരാൾക്ക് 150 രൂപ മുതൽ 300 രൂപ വരെ ഈടാക്കുന്നുണ്ട്. ഇന്ദ്രയ്‌ക്ക് മൂന്നു മണിക്കൂറിന് 150 രൂപ മതി. കൂടുതൽ സ്ഥലങ്ങളും സന്ദർശിക്കാം. മട്ടാഞ്ചേരി സിനഗോഗ് സന്ദർശിക്കാനായി അരമണിക്കൂർ സമയവും അനുവദിക്കും.

............................

# 22 മീറ്റർ നീളം

# 8 മീറ്റർ വീതി

# നിർമ്മാണ ചെലവ് 3 കോടി

# 100 സീറ്റുകൾ

# മുകളിലത്തെ നിലയിൽ പാർട്ടി സംഘടിപ്പിക്കാം

# ക്രൂയിസ് ശീതീകരിച്ചത്

..............................

സർവീസ് ‌റൂട്ട്

# ഫോർട്ടുകൊച്ചി

# മട്ടാഞ്ചേരി

# കമാലക്കടവ്

# വല്ലാർപാടം

# ഒരു ദിവസം രണ്ട് ട്രിപ്പ്

# ഒരു ട്രിപ്പ് മൂന്ന് മണിക്കൂർ

# സമയം: രാവിലെ പത്ത്, വൈകിട്ട് മൂന്ന്

# ഒരാൾക്ക് നിരക്ക് 150

# കുടുംബശ്രീയുടെ ഭക്ഷണം

വിനോദ സഞ്ചാരരംഗത്ത് പുത്തനുണർവായിരിക്കും. കുറഞ്ഞ ചെലവിൽ കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാം. സോളാർ എൻജിനായതിനാൽ ജലമലിനീകരണവുമില്ല

ഷാജി വി.നായർ,

ഡയറക്‌ടർ,

ജലഗതാഗതവകുപ്പ്