വോളിബാളിന്റെ സ്വന്തം കൊച്ചീപ്പൻ
പത്തനംതിട്ട : വോളിബാളിൽ സ്വന്തം നാടിന്റെ പേര് എഴുതിച്ചേർത്ത കളിക്കാരനും കോച്ചുമായ പത്തനംതിട്ടക്കാരന്റെ പേരിൽ പൂനയിലെ വ്യോമസേനാ താവളത്തിൽ ഒരു ഇൻഡോർ സ്റ്റേഡിയമുണ്ട്. ഇന്നലെ അന്തരിച്ച പ്രക്കാനം കൊല്ലന്റയ്യത്ത് കൊച്ചീപ്പന് മാത്രം അവകാശപ്പെട്ടതാണത്. കാൻസർ ബാധിതനായി രോഗശയ്യയിൽ ആയിരുന്നപ്പോഴും വോളിബാളിനെക്കുറിച്ച് നൂറുനാവായിരുന്നു അദ്ദേഹത്തിന്. കേരള സ്പോർട്സ് കൗൺസിലിലെ കോച്ചുകളിൽ പലരും കൊച്ചിപ്പന്റെ ശിഷ്യൻമാരാണ്. സേതുമാധവൻ, ബാലൻനമ്പ്യാർ, ഇ.പി.നായർ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ ഈക്കൂട്ടത്തിലുണ്ട്. ദേശീയതാരമായിരുന്ന ഗോപീകൃഷ്ണനെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 1963 ൽ വ്യോമസേനയിൽ ജോലിയിൽ പ്രവേശിച്ചു. തുടർന്ന് സേനയുടെ വോളിബാൾ ടീം അംഗമായും കോച്ചുമായി ഏറെക്കാലം പ്രവർത്തിച്ചു. ഇതിനിടെ പാട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പോർട്സിൽ നിന്ന് മികച്ച കോച്ചായി പാസ് ഔട്ടായി. തുടർന്ന് കര, നാവിക , വ്യോമ സംയുക്തസേനകളുടെ സർവീസസ് കോച്ചായി. 1982ൽ ദില്ലിയിൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ മുഖ്യസംഘാടകനായി പ്രവർത്തിച്ചു. ഇന്ത്യൻ വ്യോമസേനയിൽ 36 വർഷത്തെ സേവനത്തിനു ശേഷം ഫ്ലൈറ്റ് ലെഫ്റ്റാനെന്റ് ആയാണ് അദ്ദേഹം വിരമിച്ചത് . കുട്ടികൾക്കും പുതുതലമുറയിലെ കായികതാരങ്ങൾക്കും അക്കാഡമികളിലും അദ്ദേഹം പരിശീലനം നൽകിയിരുന്നു. കായിക ഭൂപടത്തിൽ പ്രക്കാനം എന്ന ഗ്രാമത്തിന്റെ പേര് അടയാളപ്പെടുത്തിയ കൊല്ലന്റെയ്യത്ത് ഇ.എം.കൊച്ചീപ്പന്റെ വേർപാട് കായിക ലോകത്തിന് നഷ്ടം കൂടിയാണ്.