ആകാശ് തില്ലങ്കേരി കാപ്പ പ്രകാരം അറസ്റ്റിൽ

Tuesday 28 February 2023 12:00 AM IST

ഇരിട്ടി :യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ ‘കാപ്പ’ ചുമത്തി മുഴക്കുന്ന് പൊലീസ് അറസ്റ്റുചെയ്തു. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണു നടപടിയെന്നു പൊലീസ് പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ ആകാശിനെതിരെ മുഴക്കുന്ന് പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മട്ടന്നൂർ പൊലീസും ആകാശിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിൽ കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങിയ ആകാശ് ഉൾപ്പെടെയുള്ളവർക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. ഷുഹൈബ് വധം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് വിവാദമായതിനു തൊട്ടുപിറകെയാണു സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും പിന്നാലെ കാപ്പ ചുമത്തിയുള്ള അറസ്റ്റുമുണ്ടായത്. ആകാശ് തില്ലങ്കേരിയ്ക്കെതിരെ നടപടിയെടുക്കാത്തതിന് നിയമസഭയിൽ ഇന്നലെ പ്രതിപക്ഷം രൂക്ഷവിമർശനമുയർത്തിയതിന് മണിക്കൂറുകൾക്കകമാണ് കാപ്പ പ്രകാരം അറസ്റ്റ് നടന്നത്.