കളമശേരി സി.ഐക്കെതിരെ പ്രതിപക്ഷം: ബഹളം, വാക്കേറ്റം; സഭ സ്തംഭിച്ചു

Tuesday 28 February 2023 12:00 AM IST

തിരുവനന്തപുരം:കളശ്ശേരിയിൽ സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ

മർദ്ദിക്കുകയും, എം.എൽ.എ ഷാഫി പറമ്പലിനേയും വനിതാ നേതാവ് മിവാ ജോളിയേയും കൈയേറ്റം ചെയ്യുകയും ചെയ്ത സി.ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധം സഭാ സ്തംഭനത്തിന് ഇടയാക്കി.

സി.ഐക്കെതിരെ നടപടിക്ക് മുഖ്യമന്ത്രി വിസമ്മതിച്ചതോടെ പ്രതിപക്ഷം

സ്പീക്കറുടെ വെല്ലിന് മുന്നിലെത്തി ബാനറുകളും പ്ളക്കാഡുകളുമുയർത്തി മുദ്രാവാക്യം മുഴക്കി. ഭരണപക്ഷവും ബഹളവുമായി എണീറ്റതോടെ സഭ നടത്താനാകാത്ത സ്ഥിതിയായി.അൽപനേരം നിറുത്തി വച്ച് സഭ ശാന്തമാക്കാൻ സ്പീക്കർ എ.എൻ. ഷംസീർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ശൂന്യവേള ഒഴിവാക്കിയും പഞ്ചായത്ത് രാജ്,മുനിസിപ്പൽ ഭേദഗതിബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടും ധനവിനിയോഗ ബിൽ ചർച്ച കൂടാതെ പാസാക്കിയും സഭ ഇന്നലത്തേക്ക് പിരിഞ്ഞു.

നികുതി വർദ്ധനയ്‌ക്കെതിരെ എറണാകുളത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് താനടക്കമുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് ക്രൂരമായി ആക്രമിച്ചതായി ആരോപിച്ച് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ്

നൽകിയത്.കേന്ദ്രത്തിലെ നരേന്ദ്രമോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് ഇവിടെ പിണറായി വിജയൻ സർക്കാരെന്ന് ഷാഫി പറഞ്ഞു.താടിയില്ല,ഹിന്ദി സംസാരിക്കില്ല, കോട്ടിടില്ല എന്നീ വ്യത്യാസങ്ങൾ മാത്രമാണ് ഇരുവരും തമ്മിലുള്ളത്.''ആന്തോളൻ ജീവികൾ,അർബൻ നക്സലുകൾ,മാവോയിസ്റ്റുകൾ,തുക്കടേ തുക്കടേ ഗാങ്. എന്ന് മോദി പറയുമ്പോൾ തെക്കുവടക്ക് വികസന വിരോധികൾ, തീവ്രവാദികൾ,കേരള വികസന വിരുദ്ധർ എന്നിങ്ങിനെയാണ്. പിണറായി വിജയൻ പറയുന്നത്. മോദി സർക്കാരിന്റെ മലയാള പരിഭാഷയായി പിണറായി സർക്കാർ മാറിയെന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവാണു വേണ്ടതെന്ന് ഷാഫി ചോദിച്ചു.

എന്നാൽ, കേരളത്തിൽ ഇപ്പോൾ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന സമരത്തിന് ജനപിന്തുണയില്ലെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ മറുപടി നൽകി. പെട്രോളിയം ഉത്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തിയതിലേക്ക് നയിച്ച കാരണങ്ങൾ ജനങ്ങൾക്കറിയാം.

ഒറ്റയ്ക്കും രണ്ടു പേരായും പാതയ്ക്കരുകിൽ മറഞ്ഞിരുന്ന് മുഖ്യമന്ത്രിയുടെ വാഹനം വരുമ്പോൾ ചാടി വീണ് കൊടി കാണിക്കും. ഇതാണോ സമരം?.അവർ ചാടി വീഴുമ്പോൾ അപകടത്തിൽപ്പെടില്ലേ.അത് തടയാനാണ് പൊലീസ് ശ്രമിക്കുന്നത്. അവർ അപകടത്തിൽ പെടണമെന്നാണ് അവരെ പറഞ്ഞു വിടുന്നവർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി

പറഞ്ഞു. തുടർന്ന്, സ്പീക്കർ എ.എൻ. ഷംസീർ അടിയന്തര പ്രമേയത്തിന്

അവതരണാനുമതി നിഷേധിച്ചു.

മിവാ ജോളിയെന്ന പെൺകുട്ടിയെ തലയ്ക്കടിക്കുകയും കോളറിൽ പിടിച്ച് വലിക്കുകയും അടിക്കുകയും ചെയ്ത അതേ സി.ഐയാണ് ഷാഫി പറമ്പിൽ എം.എൽ.എയെയും കൈയേറ്റം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഒരു എ.എസ്.ഐയും ഒപ്പമുണ്ടായിരുന്നു. സമനില തെറ്റിയതു പോലെ സമരക്കാരെ അടിച്ചവർക്കെതിരെ നടപടി എടുക്കാത്ത മുഖ്യമന്ത്രി പൊലീസിന്റെ കിരാതവാഴ്ചയ്ക്ക് ലൈസൻസ് കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement