കുരമ്പാല ഉണർന്നു, കളം നിറഞ്ഞ് കോലങ്ങൾ

Tuesday 28 February 2023 12:02 AM IST

പന്തളം :​ കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിലെ അടവി മഹോത്സവം അഞ്ചാം ദിനത്തിലെത്തുമ്പോൾ, തപ്പുമേളവും താവടിയും പന്ന താവടിയും കോലങ്ങളും വിനോദരൂപങ്ങളും കൺകുളിർക്കെ കാണാൻ നൂറ് കണക്കിനാളുകളാണ് എത്തുന്നത്. അഞ്ചാം ദിവസവും കന്നുകാലികളുടെ സംരക്ഷകനായ മാടൻകോലങ്ങൾ കളംനിറഞ്ഞു. പുള്ളിമാടനും പക്ഷിക്കോലവും കളത്തിലെത്തി. പുള്ളിമാടനായി രാജ് മോഹനും പക്ഷികളായ് വിഷ്ണു അജയനും ഹരിക്കുട്ടനും തുള്ളി ഉറഞ്ഞു. രണ്ടാമത് സംബന്ധം ചെയ്ത മൂപ്പിന്നിനെ അന്വേഷിച്ച് വന്ന അമ്മൂമ്മ കാണികളിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി. കുരമ്പാലയുടെ കലാകാരൻ ഫോക്കുലോർ അക്കാഡമി അവാർഡ് വിജയി ശാർങ്ങധരനുണ്ണിത്താനാണ് അസാമാന്യ മെയ് വഴക്കത്തോടെ അമ്മൂമ്മയെ അവതരിപ്പിച്ചത്. തുടർന്ന് മാസപ്പടിയും പ്രവർത്ത്യാരും എന്ന വിനോദരൂപവും കളത്തിലെത്തി.