അമിത് ഷാ ഓടിയെത്തുന്നത് സി.പി.എം ജാഥയുടെ ശക്തി: മന്ത്രി റിയാസ്

Tuesday 28 February 2023 2:05 AM IST

തൃശൂർ: എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശൂരിലെത്തുന്നതിന്റെ തൊട്ടടുത്ത ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ ഓടിയെത്തി രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നത് ജാഥ ഉയർത്തുന്ന രാഷ്ട്രീയ പ്രശ്‌നം ശക്തമെന്ന് തെളിയിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ പ്രതിരോധിക്കാൻ ഒരു അമിത് ഷാമാരും എത്തിയില്ലെന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്.

മാർച്ച് 4, 5, 6 തീയതികളിലാണ് ജനകീയ പ്രതിരോധ ജാഥ തൃശൂരിൽ പര്യടനം നടത്തുന്നത്. അമിത് ഷാ മാർച്ച് അഞ്ചിന് കൊച്ചിയിലെത്തുന്നുണ്ട്. തുടർന്ന് തൃശൂരിൽ നടക്കുന്ന ബി.ജെ.പി റാലിയിലും പങ്കെടുക്കുന്നുണ്ട്. ഇത് സൂചിപ്പിച്ചാണ് മന്ത്രി റിയാസിന്റെ പ്രതികരണം.

ദൂരദർശനും ആകാശവാണിയും സംഘപരിവാർ ജിഹ്വയാക്കി മാറ്റാനുള്ള നീക്കം നടത്തുന്നതിന്റെ ഭാഗമാണ് ആർ.എസ്.എസ് അനുകൂല ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറിനെ ചുമതലപ്പെടുത്തുന്നതെന്ന് മന്ത്രി ആരോപിച്ചു. ഇത് രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള നീക്കമാണ്. സംഘപരിവാറിന്റെ ദീർഘകാല അജണ്ടയുടെ ഭാഗമായാണ് ഈ നടപടി.

മന്ത്രിയുടെ വാക്കുകളിൽ

ഭയം: കെ. സുരേന്ദ്രൻ

തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മാർച്ച് അഞ്ചിന് തൃശൂരിലെത്തുമ്പോൾ മതഭീകരവാദികൾക്കും പ്രതിലോമ ശക്തികൾക്കും വെപ്രാളമുണ്ടാകുന്നത് സ്വാഭാവികമാണെന്നും പൊതുമരാമത്ത് മന്ത്രിയുടെ വാക്കുകളിൽ ഭയം കാണാനുണ്ടെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മതഭീകരവാദികളെ സഹായിക്കുന്നവർക്കും അഴിമതിക്കാർക്കും അമിത് ഷാ പേടിസ്വപ്നമാണ്. അമിത് ഷാ വരുന്നത് എം.വി.ഗോവിന്ദന്റെ ജാഥ കണ്ടിട്ടാണെന്ന് പറയുന്നവരോട് സഹതാപമാണ്. കേന്ദ്രപദ്ധതികൾ അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം തുറന്നുകാണിക്കാനാണ് അമിത്ഷാ വരുന്നത്.
ആർ.എസ്.എസ് ചർച്ച നടത്തിയത് മുസ്ലീം സംഘടനകളുമായാണ്. ഇതിൽ സി.പി.എമ്മിന് എന്തിനാണ് വെപ്രാളം. പൊതുമരാമത്ത് മന്ത്രി വടക്കോട്ട് നോക്കാതെ കുഴിയടക്കാൻ നോക്കണം. ജാഥയ്ക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സംഘവും വാഹനങ്ങൾക്ക് പെട്രോളടിച്ചത് മാഹിയിൽ വന്നാണ്. ലിറ്ററിന് 10 രൂപയാണ് ലാഭം. വടക്കൻ ജില്ലകളിലെത്തിയാൽ മുഖ്യമന്ത്രിയുടെയും അകമ്പടിക്കാരുടെയും പൊലീസുകാരുടെയും പേഴ്‌സനൽ സ്റ്റാഫുകളുടെയും വാഹനങ്ങളിൽ പെട്രോളടിക്കുന്നതും മാഹിയിൽ വന്നാണെന്ന് പമ്പുകാർ തന്നോട് പറഞ്ഞു. സംസ്ഥാനം സാമ്പത്തിക തകർച്ചയിലായിരിക്കുമ്പോൾ കോടികളുടെ കൊള്ളയാണ് ദുരിതാശ്വാസനിധിയിലുണ്ടായത്. ഉന്നതനേതൃത്വമാണ് പിന്നിൽ. ലൈഫ് മിഷനിലെ 20 കോടിയിൽ 5 കോടി പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണോയെന്ന് സി.പി.എം വ്യക്തമാക്കണം.

Advertisement
Advertisement