ജി.എസ്.ടി വരുമാനത്തിൽ 30 % വർദ്ധന: അധികമായി പിരിച്ചത് 26000 കോടി രൂപ

Tuesday 28 February 2023 12:06 AM IST

തിരുവനന്തപുരം : നടപ്പ് സാമ്പത്തിക വർഷം ജി.എസ്.ടി വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർദ്ധനവുണ്ടെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു. 26000 കോടിയാണ് അധികമായി പിരിച്ചെടുത്തത്.സംസ്ഥാനത്ത് ജി.എസ്.ടി പിരിവ് കാര്യക്ഷമമാണെന്നതിന് തെളിവാണിത്. ജി.എസ്.ടി കുടിശ്ശിക ഇനത്തിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട 750 കോടിയും കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി

അറിയിച്ചു.
എന്നാൽ ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വർദ്ധന നേടാനായിട്ടില്ല. ജി.എസ്.ടി നടപ്പിലാക്കുന്ന ഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത് 14 ശതമാനം വാർഷിക നികുതി വളർച്ചയാണ്.എന്നാൽ നികുതിയിൽ വരുത്തിയ വ്യത്യാസങ്ങളും, തുടർച്ചയായ പ്രകൃതി ദുരന്തങ്ങളും കൊവിഡ് മഹാമാരിയും നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.

സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ക്ഷേമ പെൻഷനുകളുടെ വിതരണം നിലച്ചിട്ടില്ല. 2022 നവംബർ വരെയുള്ള പെൻഷൻ വിതരണം ചെയ്തു. ഡിസംബറിലെ

വിതരണം ആരംഭിച്ചു.ക്ഷേമപൻഷൻ വിതരണം ചെയ്യുന്നതിനും ഫണ്ട് കണ്ടെത്തുന്നതിനുമായി കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് രൂപീകരിച്ചിട്ടുണ്ട്. ഈ കമ്പനി നടത്തുന്ന താൽകാലിക കടമെടുപ്പ് സംസ്ഥാന സർക്കാരിന്റെ പൊതുകടമായി കണക്കാക്കുന്ന കേന്ദ്ര നിലപാട് കമ്പനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന്

മന്ത്രി പറഞ്ഞു.

Advertisement
Advertisement