കാലിക്കറ്റ് സെനറ്റ്: ഹർജി ഇന്നു പരിഗണിക്കും

Tuesday 28 February 2023 2:07 AM IST

കൊച്ചി: കാലിക്കറ്റ് സർവകലാശാല സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും കാലാവധി മാർച്ച് ആറിനു കഴിയുന്നതിനാൽ ഇരു വിഭാഗത്തിലേക്കും ഉടൻ തിരഞ്ഞെടുപ്പു നടത്താൻ നിർദ്ദേശിക്കണമെന്ന ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. സർവകലാശാല സെനറ്റംഗവും കോഴിക്കോട് ദേവഗിരി കോളേജിലെ അസി. പ്രൊഫസറുമായ ഡോ. ഷിബി. എം. തോമസ് നൽകിയ ഹർജി ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പു നടത്താനുള്ള ചുമതല സർവകലാശാല വി.സിക്കാണ്. തിരഞ്ഞെടുപ്പു നടത്തേണ്ട തീയതിയും സ്ഥലവും തീരുമാനിക്കേണ്ടതും വി.സിയാണ്. എന്നാൽ വി.സി മന:പൂർവം തിരഞ്ഞെടുപ്പു വൈകിപ്പിച്ച് രാഷ്ട്രീയ താത്പര്യമുള്ളവരെ ഉൾപ്പെടുത്തി താത്കാലിക സമിതിയെ വയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു.