കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, പാഠ്യപദ്ധതിയിൽ ബോധവത്കരണം ഉൾപ്പെടുത്തും

Tuesday 28 February 2023 2:11 AM IST

കൊച്ചി: സംസ്ഥാനത്ത് എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പാഠ്യപദ്ധതിയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള ബോധവത്കരണം ഉൾപ്പെടുത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അദ്ധ്യാപകർക്കും കുട്ടികൾക്കുമുൾപ്പെടെ പരിശീലന പരിപാടികളും സംഘടിപ്പിക്കും. ഇവ നടപ്പാക്കുന്നതിൽ ഹൈക്കോടതിയുടെ മേൽനോട്ടമുണ്ടാകുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണ പരിപാടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ 2022 ആഗസ്റ്റ് 26ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബുവും അഡി. ഡയറക്ടറും വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരായാണ് ഇതേക്കുറിച്ച് വിശദീകരിച്ചത്.

ഹൈക്കോടതി നിർദ്ദേശപ്രകാരം ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനും അഡി. ഡയറക്ടർ കൺവീനറുമായ സമിതിക്ക് രൂപം നൽകിയിരുന്നു. സമിതി കഴിഞ്ഞ 15ന് യോഗം ചേർന്നെടുത്ത തീരുമാനങ്ങൾ 17ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി വിക്ടിം സെന്റർ പ്രോജക്ട് കോ- ഓർഡിനേറ്റർ അഡ്വ.പാർവതി മേനോനെ സമിതിയിൽ ഹൈക്കോടതി അംഗമാക്കി. സമിതിയുടെ അടുത്തയോഗം മാർച്ച് പത്തിനു ചേരും. ഹർജി മാർച്ച് 15നു വീണ്ടും പരിഗണിക്കും.

പൊലീസ് വെരിഫിക്കേഷൻ

കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയുന്നതിൽ മദ്ധ്യവേനലവധിക്കാലത്ത് അദ്ധ്യാപകർക്ക് പരിശീലനം നൽകുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കോടതിയെ അറിയിച്ചു. പ്ളസ്ടു വിദ്യാർത്ഥികൾക്ക് ജൂലായിലും പ്ളസ്‌‌വൺകാർക്ക് ആഗസ്റ്റ്, സെപ്തംബറിലുമാകും പരിശീലനം. ഹൈസ്കൂൾ, യു.പി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന പരിപാടികൾ തയ്യാറാക്കും. എൽ.പി ക്ളാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ബോധവത്കരണ പരിപാടി നടത്തും. ലൈംഗികാതിക്രമക്കേസുകൾ റിപ്പോർട്ട് ചെയ്യാൻ നടപടിക്രമങ്ങൾ തയ്യാറാക്കും. ഗാർഹികാതിക്രമം, സൈബർ സുരക്ഷാ തുടങ്ങിയവയിലും ബോധവത്കരണം സംഘടിപ്പിക്കും. താത്കാലിക അദ്ധ്യാപക നിയമനത്തിലും അനദ്ധ്യാപക നിയമനത്തിലും പൊലീസ് വെരിഫിക്കേഷനുണ്ടാകും.

Advertisement
Advertisement