പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് കടുവയുടേത് മുങ്ങിമരണം

Tuesday 28 February 2023 12:18 AM IST
കടുവയുടെ മരണം

കൽപ്പറ്റ: പൂതാടി പഞ്ചായത്തിലെ പാപ്ലശ്ശേരിയിൽ സ്വകാര്യവ്യക്തിയുടെ കിണറിനുള്ളിൽ കടുവയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ കടുവ കിണറിൽ മുങ്ങിചത്തതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ സുൽത്താൻ ബത്തേരി ഫോറസ്റ്റ് ലാബിൽ കടുവയുടെ ജഡം പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. കടുവയ്ക്ക് മറ്റു ശാരീരികപ്രശ്നങ്ങൾ ഒന്നും പ്രത്യക്ഷത്തിൽ കാണാൻ കഴിഞ്ഞില്ല.ശ്വാസകോശത്തിൽ കിണറിലെ വെള്ളത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. വിദഗ്ദ്ധ പരിശോധനയ്ക്കായി കടവയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു. ഒന്നര വയസുള്ള പെൺകടുവയാണ് ചത്തത്. ഡോ. അരുൺ സക്കറിയ, ഡോ. അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരം പോസ്റ്റുമോർട്ടം നടത്തിയത്. ഞായറാഴ്ച വൈകുന്നേരം 4:30 യോടെയാണ് പൂതാടി പ്ലശ്ശേരി ചുങ്കത്തെ കളപ്പുരക്കൽ അഗസ്റ്റിന്റെ(കുഞ്ഞൻ) കിണറിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. തോട്ടത്തിലൂടെ ഓടിപ്പോകുന്നതിനിടെ കാൽ തെന്നി കിണറിൽ വീണതാകാമെന്നാണ് സംശയിക്കുന്നത്.