ചൂടുയരുന്നു; തീപിടിത്തങ്ങളും
കൊച്ചി: വേനൽ കടുത്തതോടെ ജില്ലയിൽ തീപിടിത്തങ്ങൾ വർദ്ധിക്കുന്നു. ഉച്ചവെയിൽ കത്തിനിന്ന ജനുവരി മുതൽ ഇന്നലെ വരെ കൊച്ചി നഗരത്തിൽ മാത്രം 108 തീപിടിത്തങ്ങളുണ്ടായി. ജില്ലയുടെ കണക്കെടുത്താൽ ഇരട്ടിയിലധികം വരും.
മാലിന്യക്കൂനകൾക്കും കുറ്റിക്കാടുകൾക്കും തീപിടിക്കുന്നതാണ് പകുതിയും. അലക്ഷ്യമായ മനുഷ്യ ഇടപെടൽ മുതൽ ഷോർട്ട് സർക്യൂട്ട് വരെ നീളുന്നു കാരണങ്ങൾ.
റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം പൊതുവെ വരണ്ട കാലാവസ്ഥയിൽ വലിയ അപകടത്തിലേക്ക് നീങ്ങാനുള്ള സാദ്ധ്യതയേറെയാണ്. ബ്രഹ്മപുരം കൂളിയാട്ട് പാടത്തുണ്ടായ തീപിടിത്തം ആരംഭിച്ചത് പ്ലാസ്റ്റിക് മാലിന്യം കത്തിയതിൽ നിന്നാണ്. പിന്നീട് പാടശേഖരത്തിലേക്കും വ്യാപിക്കുകയായിരുന്നു. എച്ച്.എം.ടി റോഡിലെ കുറ്റിക്കാട്ടിലും തീപിടിത്തമുണ്ടായി. പാലാരിവട്ടം ബൈപ്പാലിസിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്നു കടകൾക്ക് നാശനഷ്ടമുണ്ടായിരുന്നു. രാത്രിയിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് നിഗമനം. ഇടപ്പള്ളി ടോളിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന് കാരണവും ഇതുതന്നെ.
തീപിടിപ്പിക്കുന്ന അശ്രദ്ധ
വേനൽ ശക്തമാകുന്നതോടെ കുറ്രിച്ചെടികളെല്ലാം പെട്ടെന്ന് ഉണങ്ങും. അന്തരീക്ഷ താപനില ഉയരുന്നതും ഒപ്പം ഭൂമിക്കും ചൂടുപിടിക്കുന്നതുമാണ് ചെടികൾ കരിയാൻ കാരണം. ഉണങ്ങിനിൽക്കുന്ന സ്ഥലങ്ങളിലേക്ക് ബീഡിക്കുറ്റിയും സിഗരറ്രും തീക്കൊള്ളിയും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് പലപ്പോഴും വൻതീപിടിത്തങ്ങൾക്ക് വഴിവയ്ക്കുന്നത്.
വില്ലൻ ഷോർട്ട് സർക്യൂട്ട്
വീടുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ഓഫീസുകളിലുമൊക്കെയുണ്ടാകുന്ന തീപിടിത്തങ്ങൾക്ക് ഷോർട്ട് സർക്യൂട്ടാണ് കാരണം. സ്വിച്ചിടുമ്പോഴും മറ്റും അസ്വാഭാവിക ശബ്ദം കേൾക്കുകയോ മറ്റോ ചെയ്യുന്നുണ്ടെങ്കിൽ അത് അപകട സൂചനയായി കണക്കാക്കണം. മൾട്ടിപ്പിൾ പോയിന്റ് സോക്കറ്റുകൾ ഉപയോഗിക്കുന്നത് പലപ്പോഴും അപകടത്തിന് കാരണമാകുന്നുണ്ട്. ഒരു സോക്കറ്റിൽ ഒന്നിലധികം പ്ലഗ് ഘടിപ്പിക്കുന്ന മറ്റൊരു മൾട്ടിപ്പിൾ സോക്കറ്റ് ഉപയോഗിക്കുന്നത് വ്യാപകമാണ്. ബൾബ്, ലൈറ്റ്, ഫാൻ, മറ്റ് ഉപകരണങ്ങൾ എന്നിവയൊക്കെ ഇത്തരത്തിൽ പ്രവർത്തിപ്പിക്കുമ്പോൾ ഷോർട്ട് സർക്യൂട്ട് സംഭവിച്ചേക്കാം. താങ്ങാനാകുന്നതിൽ കൂടുതൽ വൈദ്യുതി പ്രവഹിക്കുമ്പോൾ വയറുകളുടെ ഇൻസുലേഷൻ ഉരുകുകയും അപകടത്തിന് വഴിവെക്കുകയും ചെയ്യും.
ശ്രദ്ധിക്കേണ്ടത്
• ചപ്പുചവറുകൾ കത്തിച്ചശേഷം തീ പൂർണമായി അണഞ്ഞെന്ന് ഉറപ്പാക്കണം
• വൈദ്യുത ലൈനുകൾക്ക് താഴെ പ്രത്യേക ശ്രദ്ധവേണം
• പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കരുത്
• മാലിന്യവും മറ്റും കത്തിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്
• അഗ്നിബാധയ്ക്ക് ഇടയാക്കുംവിധം തീക്കൊള്ളി അലക്ഷ്യമായി വലിച്ചെറിയരുത്
• സ്ഥാപനങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തസജ്ജമെന്ന് ഉറപ്പാക്കുക
• ഫയർഫോഴ്സിനെ വിളിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക
• വനപ്രദേശങ്ങളിൾ തീപടിത്തമുണ്ടാകാതിരിക്കാൻ വിനോദ സഞ്ചാരികൾ പ്രത്യേക ശ്രദ്ധ പുലർത്തണം
• വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അസ്വാഭാവികമായ മണമോ മറ്റോ അനുഭവപ്പെട്ടാൽ പരിശോധിച്ചതിനുശേഷം യാത്ര തുടരുക
''വേനൽക്കാലത്ത് തീപിടിത്തങ്ങൾ വർദ്ധിക്കാറുണ്ട്. ഇതു മുന്നിൽക്കണ്ട് എല്ലാ ഒരുക്കങ്ങളും ഫയർഫോഴ്സ് സ്വീകരിച്ചിട്ടുണ്ട്.""
രാമകൃഷ്ണൻ
ഫയർ ഓഫീസർ
ഗാന്ധിനഗർ ഫയർ സ്റ്റേഷൻ