വിദ്യാർത്ഥികൾ പ്രവചിക്കും അടൂരിലെ കാലാവസ്ഥ

Tuesday 28 February 2023 12:44 AM IST

അടൂർ : നാട്ടിലെ കാലാവസ്ഥ വ്യതിയാനങ്ങൾ ഇനി അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പ്രവചിക്കും. ഇതിനാവശ്യമായ ഉപകരണങ്ങൾ സ്കൂൾ വളപ്പിൽ സ്ഥാപിച്ചു. പ്രദേശത്തെ കാലാവസ്ഥാ - ദിനാന്തരീക്ഷസ്ഥിതി മനസിലാക്കുകയും ഡേറ്റകൾ തയാറാക്കി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുകയും ചെയ്യും. സമഗ്രശിക്ഷാ കേരളയുടെ ധനസഹായത്തോടെയാണ് കാലാവസ്ഥാ പ്രവചനനിലയം ഒരുക്കിയത്. ഭൂപ്രകൃതി വൈവിദ്ധ്യം ഏറെയുള്ള സംസ്ഥാനത്തെ സൂക്ഷ്മമായ കാലാവസ്ഥാ വ്യതിയാനം വിവിധ വിദ്യാലയങ്ങളിൽ നിരീക്ഷിക്കപ്പെടുമ്പോൾ കാലാവസ്ഥാ പ്രവചനരംഗത്ത് ശ്രദ്ധേയമായ കുതിച്ചുച്ചാട്ടമാണ് സാദ്ധ്യമാവുക. പ്രളയക്കെടുതിയുടെ ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ ഇത്തരം ഒരു ആശയം മുന്നോട്ടുവച്ചതും എസ്.എസ്‌.കെയുടെ പദ്ധതിയാക്കി മാറ്റിയതും. രാജ്യത്ത് ആദ്യമായി സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ നിലയങ്ങൾ സ്ഥാപിക്കപ്പെട്ട സംസ്ഥാനമെന്ന ബഹുമതിയും ഇതിലൂടെ കേരളം നേടുകയാണ്. ഭൂമിശാസ്ത്ര അദ്ധ്യാപകരെയാണ് സ്റ്റേഷന്റെ ചുമതലക്കാരായി നിയോഗിച്ചിരിക്കുന്നത്. സൂക്ഷ്മതലത്തിൽ കാലാവസ്ഥ മനസിലാക്കാനും പ്രദേശത്തെ മാറ്റങ്ങൾ തിരിച്ചറിയാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ വിദ്യാഭ്യാസപരമായ ലക്ഷ്യം.

പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവ്വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ബി.ബാബു, പ്രിൻസിപ്പൽ സജി വറുഗീസ്, ഹെഡ്മാസ്റ്റർ എ.മൻസൂർ, പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.ബി.രാജശേഖരക്കുറുപ്പ്, അടൂർ ബിആർസി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ഡി.യമുന, വനംവകുപ്പ് റേഞ്ച് ഓഫീസർ എ.എസ്.അശോക്, എസ്‌.എം.സി ചെയർമാൻ കെ.ഹരിപ്രസാദ്, വൈസ് ചെയർമാൻ ജി.സുരേഷ് കുമാർ, ഡോ.എം.രതീഷ് കുമാർ, ആർ.ഷീജാകുമാരി, പി.ആർ.ഗിരീഷ്, പി.ഉഷ, കണിമോൾ, ആർ.ദിലി കുമാർ, സ്റ്റാഫ് സെക്രട്ടറിമാരായ ജി.രവീന്ദ്രക്കുറുപ്പ്, കെ.ഉദയൻപിള്ള, നന്ദനാസുനിൽ തുടങ്ങിയവർ പങ്കെടുത്തു.

കാറ്റിന്റെ വേഗത, ദിശ, അന്തരീക്ഷ മർദ്ദം, മഴയളവ് തുടങ്ങിയവ സ്റ്റേഷനിൽ കുട്ടികൾ ഓരോദിവസവും നിരീക്ഷിച്ച് രേഖപ്പെടുത്തും. ഇതിനായി മഴമാപിനി, അനിമോമീറ്റർ, വിൻഡ് വെയിൻ, വെറ്റ് ആന്റ് ഡ്രൈ ബള്‍ബ് തെർമോ മീറ്റർ, മോണിറ്റർ, വെതർ ഡാറ്റാബുക്ക് തുടങ്ങി 13 ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുള്ളത്.

Advertisement
Advertisement