കടകളിൽ മോഷണം
പെരിന്തൽമണ്ണ: മാനത്തുമംഗലം ബൈപാസ് റോഡിലെ ലേഡീസ് ബ്യൂട്ടിക്കിലും സമീപത്തെ ഹോട്ടലിലും ഞായറാഴ്ച പുലർച്ചെ മോഷണം നടന്നു. പുലർച്ചെ 3.15നാണ് ബൈപ്പാസ് റോഡിലെ ബ്രദേഴ്സ് ഹോട്ടലിൽ മോഷണമുണ്ടായത്. ഷട്ടറില്ലാത്ത ഹോട്ടലിന്റെ മുൻഭാഗത്തെ ചില്ലുവാതിലിന്റെ പൂട്ട് തകർത്താണ് അകത്ത് കയറിയത്. ഇതിനിടെ വാതിലിന്റെ ഭാഗവും തകർന്നു. കാഷ് കൗണ്ടറിൽ പണം തിരഞ്ഞെങ്കിലും ഒന്നും ലഭിച്ചില്ല. രാത്രി പന്ത്രണ്ടിനാണ് ഹോട്ടൽ അടച്ചത്. ഇതിന്റെ തുടർച്ചയായി 3.45ഓടെയാണ് ലേഡീസ് ബ്യൂട്ടിക്കിൽ കയറിയത്. ഇവിടെ നിന്ന് വിലയേറിയ അഞ്ചു ചുരിദാർ ബിറ്റുകൾ കൊണ്ടുപോയി. കടയിൽ പണം സൂക്ഷിച്ചിരുന്നില്ലെന്ന് ഉടമ കക്കൂത്ത് സ്വദേശി സിൻസാർ പറഞ്ഞു.ഷട്ടറിന്റെ പൂട്ടിടാത്ത ഭാഗം കല്ല് വച്ച് ഉയർത്തിയുണ്ടാക്കിയ വിടവിലൂടെയാണ് അകത്ത് കയറിയത്. പണം തിരഞ്ഞെങ്കിലും കിട്ടിയില്ല. തുടർന്ന് വിലകൂടിയ ചുരിദാറുകൾ, ടോർച്ച് തെളിയിച്ച് വില നോക്കി മുന്തിയ ഇനം എടുക്കുന്നതായാണ് സി.സി.ടി.വി. ദൃശ്യങ്ങളിലുള്ളത്. പൊലീസും വിരലടയാള വിദഗ്ദ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു.