ആരാധകർ അതിരുവിട്ടു, വിനീത് ശ്രീനിവാസൻ ഓടി

Tuesday 28 February 2023 1:21 AM IST

ചേർത്തല: ഗാനമേളയ്ക്കിടെ ആരാധകരുടെ സ്നേഹം കൂടിയതോടെ നടൻ വിനീത് ശ്രീനിവാസൻ സ്​റ്റേജിൽ നിന്ന് ഓടിയിറങ്ങി വാഹനത്തിൽ രക്ഷപ്പെട്ടു!
ചേർത്തല വാരനാട് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കുംഭഭരണി ദിവസമായ ശനിയാഴ്ച രാത്രി ഗാനമേള നടക്കുന്നതിനിടെയാണ് സംഭവം. തന്റെ പാട്ടിനുശേഷം സ്​റ്റേജിനു പിന്നിലെത്തിയപ്പോഴാണ് വിനീത് ശ്രീനിവാസനു ചു​റ്റും ആരാധകർ തടിച്ചുകൂടിയത്. ഫോട്ടോയും വീഡിയോയും എടുക്കാനും പരിചയപ്പെടാനും ആരാധകർ തിക്കിത്തിരക്കിയതോടെ ശ്വാസംമുട്ടുന്ന അവസ്ഥയായി. സുരക്ഷ ഒരുക്കാൻ ക്ഷേത്ര ഭാരവാഹികൾക്ക് കഴിഞ്ഞതുമില്ല. ഇതോടെ കുറച്ചകലെ പാർക്കുചെയ്തിരുന്ന കാറിനരികിലേക്ക് വിനീത് ഓടുകയായിരുന്നു. പിന്നാലെ ആരാധകരും ഓടിയെങ്കിലും വേഗത്തിൽ കാറിൽക്കയറി രക്ഷപ്പെട്ടു. സംഭവം സോഷ്യൽ മീഡീയകളിൽ വ്യാപകമായി പ്രചരിച്ചു. കുംഭഭരണി ദിവസം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗാനമേള ഒഴിവാക്കി ആവശ്യമായ മുൻകരുതൽ എടുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കെ.എൻ. ഉദയവർമ്മ പറഞ്ഞു.

Advertisement
Advertisement