വീൽച്ചെയറിലെത്തിയ റഹീമിനെ കാണാൻ മുഖ്യമന്ത്രി നേരിട്ടെത്തി
Tuesday 28 February 2023 1:30 AM IST
തിരുവനന്തപുരം: മുച്ചക്ര വാഹനം അനുവദിക്കണമെന്ന അപേക്ഷയുമായാണ് ഭിന്നശേഷിക്കാരനായ റഹീം ഇന്നലെ വൈകിട്ട് നാലിന് വീൽച്ചെയറിൽ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഇതറിഞ്ഞ് ഓഫീസിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി അപേക്ഷ വാങ്ങിയപ്പോൾ റഹീമിനത് ധന്യ നിമിഷം. അപേക്ഷയിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഓഫീസിലുള്ളവരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. തുടർന്ന് റഹീമിനെ യാത്രയാക്കി. അഞ്ചുതെങ്ങ് കൊച്ചുതെക്കഴികം സ്വദേശിയാണ് റഹീം. അപേക്ഷ ഓഫീസിൽ നൽകാനായി ഇടനാഴിയിൽ ഇരിക്കുമ്പോഴാണ് വിവരമറിഞ്ഞ് മുഖ്യമന്ത്രി നേരിട്ടെത്തിയത്.