ഹിൽ ഇന്ത്യ അടച്ചിടാനുള്ള തീരുമാനം,​ രാഷ്ട്രീയ വിവേചനം: എം.വി. ഗോവിന്ദൻ

Tuesday 28 February 2023 1:33 AM IST

മലപ്പുറം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഏലൂരിലെ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (ഹിൽ ഇന്ത്യ) അടച്ചിടാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹവും രാഷ്ട്രീയ വിവേചനവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മലപ്പുറത്തെത്തിയ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന പഞ്ചാബിലെയും കേരളത്തിലെയും യൂണിറ്റുകൾ അടച്ചിടുമ്പോൾ ബി.ജെ.പിയും സഖ്യകക്ഷികളും ഭരിക്കുന്ന മഹാരാഷ്ട്രയിലെ യൂണിറ്റ് നിലനിറുത്തുന്നത് രാഷ്ട്രീയ വിവേചനമാണ്. പ്രതിപക്ഷ മുക്ത ഭാരതമെന്ന ആർ.എസ്.എസ് അജൻ‌ഡ നടപ്പിലാക്കുന്നതിന്റെ ഭാഗമല്ലേ ഈ വേർതിരിവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കെ.പി.സി.സിയും സംസ്ഥാന ബി.ജെ.പിയും നിലപാട് വ്യക്തമാക്കണം. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കാൻ കോൺഗ്രസ് തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് റായ്‌പൂർ പ്ലീനറി സമ്മേളനം. സി.പി.എം മതനിരാസ പാർട്ടിയാണെന്ന ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസ്താവന വർഗീയതയുടെ ഭാഗമാണ്. ജനകീയ പ്രതിരോധ ജാഥയിൽ ഇ.പി. ജയരാജൻ പങ്കെടുക്കുമെന്നും 18വരെ അതിന് സമയമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.