ഇസ്രയേലിലേക്ക് പോയ ബിജു തിരിച്ചെത്തി; മുങ്ങിയത് പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ

Tuesday 28 February 2023 1:36 AM IST

ഇരിട്ടി(കണ്ണൂർ): ആധുനിക കൃഷിരീതികൾ പഠിക്കുന്നതിന് കേരള സർക്കാർ ഇസ്രയേലിലേക്ക് അയച്ച സംഘത്തിൽനിന്ന് മുങ്ങിയ ഇരിട്ടി പേരട്ട സ്വദേശി ബിജു കുര്യൻ നാട്ടിൽ തിരിച്ചെത്തി. ഇന്നലെ പുലർച്ചെ നാലോടെയാണ് ബിജു കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്.

ഇസ്രായേലിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുവേണ്ടിയാണ് സർക്കാർ അയച്ച സംഘത്തിൽനിന്ന് വിട്ടുപോയതെന്ന് ബിജു പറഞ്ഞു. സംഘത്തിലുണ്ടായിരുന്നവരോട് കാര്യം അറിയിച്ചാൽ അനുമതി ലഭിക്കില്ലെന്ന് കരുതിയാണ് പറയാതെ പോകേണ്ടി വന്നത്. മുങ്ങി എന്ന വാർത്ത പ്രചരിച്ചപ്പോൾ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താൻ സാധിക്കാത്തത്. സർക്കാരിനോടും സംഘാംഗങ്ങളോടും നിർവ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു പറഞ്ഞു. സ്വമേധയാതന്നെയാണ് മടങ്ങി എത്തിയത്.

ഒരു ഏജൻസിയും അന്വേഷിച്ചു വന്നില്ല. സഹോദരൻ ടിക്കറ്റ് എടുത്ത് അയച്ചുതന്നു. ആരെയും അറിയിക്കാൻ സാധിച്ചില്ലെന്നും ബിജു കുര്യൻ പറഞ്ഞു. പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് വളരെവേഗം മടങ്ങിയെത്താമെന്നാണ് കരുതിയത്. പുണ്യസ്ഥലങ്ങളിൽ മലയാളികൾ ഉണ്ടായിരുന്നു.

ഫേസ്ബുക്കിലൂടെയും മറ്റു സമൂഹ മാദ്ധ്യമങ്ങളിലൂടെയും തെറ്റായ പ്രചാരണം നടന്ന വിഷമത്തിലാണ് സംഘത്തോടൊപ്പം ചേരാൻ സാധിക്കാതെ വന്നത്. പ്രശ്നങ്ങൾ ഇല്ലെങ്കിൽ സംഘത്തോടൊപ്പം തിരിച്ചുവരാനായിരുന്നു പദ്ധതി.

കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഒരുപാട് കൃഷിരീതികൾ ഇസ്രായേലിൽനിന്ന് പഠിച്ചുവെന്നും ബിജു കൂട്ടിച്ചേർത്തു.ഇന്ത്യൻ സമയം ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ഇസ്രായേലിൽ നിന്നു തിരിച്ച ബിജു കുര്യൻ ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് കോഴിക്കോട്ടെത്തിയത്. വിസാ കാലാവധി കഴിയും മുൻപെ തിരികെ പോയതിനാൽ ബിജുവിനെതിരെ ഇസ്രായേൽ സർക്കാർ നടപടിയെടുക്കില്ല. ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് കൃഷി രീതികൾ പഠിക്കാനായി 12 ന് ഇസ്രായേലിലേക്ക് പോയത്. 17 ന് രാത്രി താമസിക്കുന്ന ഹോട്ടലിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിടെ ബിജു കുര്യനെ കാണാതാവുകയായിരുന്നു.