ശക്തികുളങ്ങര ഹാർബർ ലേല സമയമാറ്റം പിൻവലിച്ചു

Tuesday 28 February 2023 1:37 AM IST

കൊല്ലം: പീലിംഗ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് നേരിടാൻ ശക്തികുളങ്ങര ഹാർബറിലെ ലേല സമയം മാറ്റാനുള്ള തീരുമാനം പിൻവലിച്ചു. ഇന്നലെ ബോട്ട് ഉടമകളുടെ സംഘടനാ ഭാരവാഹികൾ പിലീംഗ് തൊഴിലാളി നേതാക്കളുമായി നടത്തിയ ച‌ർച്ചയെ തുടർന്നാണ് സമയമാറ്റം പിൻവലിച്ചത്.

നിലവിൽ പുലർച്ചെ രണ്ട് മുതലാണ് ബോട്ടുകൾ വന്നുതുടങ്ങുന്നത്. മൂന്ന് മുതൽ ലേലം തുടങ്ങി രാവിലെ എട്ടുവരെ നീളും. ബോട്ടുടമകളും സീ ഫുഡ് ഏജന്റുമാരും ലേലത്തൊഴിലാളികളും ചേർന്ന് മാർച്ച് ഒന്ന് മുതൽ ലേല സമയം വൈകിട്ട് നാല് മുതൽ ആരംഭിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. ആലപ്പുഴയിലെ പീലിംഗ് തൊഴിലാളികളുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ബോട്ടുകൾ കൊണ്ടുവരുന്ന ചെമ്മീനെടുക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. ഇതിന് പരിഹാരമായി എറണാകുളം അടക്കമുള്ള ജില്ലകളിലെ പീലിംഗ് ഷെഡുകൾക്ക് കൂടി പങ്കെടുക്കാൻ വേണ്ടിയാണ് സമയം വൈകിട്ടത്തേക്ക് മാറ്റാൻ ധാരണയായത്.

സമയമാറ്റം സാധാരണ മത്സ്യക്കച്ചവടക്കാരെ ബാധിക്കുമെന്ന് കണ്ടതോടെ പ്രതിഷേധം ശക്തമായി. വൈകിട്ട് വാങ്ങുന്ന മത്സ്യം കൂടുതൽ സമയം ഐസിട്ട് വയ്ക്കേണ്ടി വരും. ഇക്കാര്യം ചൂണ്ടിക്കാട്ടി മത്സ്യക്കച്ചവടക്കാരും പ്രതിഷേധിച്ചതോടെയാണ് സമയ മാറ്റം പിൻവലിക്കാനുള്ള ചർച്ചകൾ നടന്നത്. ഇനി മിന്നൽ പണിമുടക്ക് ഉണ്ടാകില്ലെന്നും കുറഞ്ഞത് പത്ത് ദിവസം മുമ്പെങ്കിലും പണിമുടക്ക് നോട്ടീസ് നൽകുമെന്നും പീലിംഗ് തൊഴിലാളികൾ ഉറപ്പ് നൽകിയെന്ന് ബോട്ട് ഉടമകൾ പറഞ്ഞു.