സനാതന മൂല്യം വിളംബരം ചെയ്യുന്നത് ഭക്തനും ഈശ്വരനും ഒന്നാണെന്ന സങ്കല്പം: വി.മുരളീധരൻ

Tuesday 28 February 2023 1:38 AM IST

തിരുവനന്തപുരം; ഭക്തനും ഈശ്വരനും ഒന്നാണെന്ന സങ്കല്പമാണ് സനാതന മൂല്യം വിളംബരം ചെയ്യുന്നതെന്നും സൃഷ്ടിയും സൃഷ്ടാവും സൃഷ്ടിജാലവും ഒന്നുതന്നെയാണെന്ന് ഗുരുദേവൻ ദൈവദശകത്തിലൂടെ എഴുതിയതും അതുതന്നെയാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്‌കാരം നടൻ ഇന്ദ്രൻസിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

ആരെയാണോ നീ ആരാധിക്കുന്നത് അതു നീ തന്നെയാണ് എന്നതാണ് ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠയുടെ സന്ദേശം. ഈശ്വര ആരാധനയാണ് ക്ഷേത്ര സങ്കൽപത്തിന്റെ ലക്ഷ്യമെങ്കിലും അതിനപ്പുറം പ്രാധാന്യമുള്ള ഇടങ്ങളായി ക്ഷേത്രങ്ങൾ മാറുകയാണ്. സ്വഭാവ വൈശിഷ്ട്യത്താൽ മറ്റുകലാകാരന്മാരിൽ നിന്നും വേറിട്ടു നിൽക്കുന്ന വ്യക്തിത്വമാണ് ഇന്ദ്രൻസിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ. ബിജു രമേശ് അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡോ. ഹരീന്ദ്രൻ നായർ, ഡോ. എഴുമറ്റൂർ രാജരാജവർമ്മ, വാർഡ് കൗൺസിലർമാരായ ഡി.ജി.കുമാരൻ, എൻ.അജിത് കുമാർ, ബി.എസ്.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് അംഗം ഇ.കെ.സുഗതൻ സ്വാഗതവും പട്ടം രമേശൻ നന്ദിയും പറഞ്ഞു.