4 പുത്തൻ ഹ്യുണ്ടായ് ഷോറൂമുകൾ തുറന്ന് പി.പി.എസ് മോട്ടോഴ്‌സ്

Tuesday 28 February 2023 2:40 AM IST

കൊച്ചി: പ്രമുഖ ഓട്ടോമൊബൈൽ ശൃംഖലയായ പി.പി.എസ് മോട്ടോഴ്‌സ് കേരളത്തിൽ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി നാല് പുതിയ ഹ്യുണ്ടായ് കാർ ഷോറൂമുകൾ തുറന്നു. കൊച്ചി, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഷോറൂമുകൾ. ഷോറൂമുകളുടെ ഉദ്ഘാടനം ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തരുൺ ഗാർഗ് നിർവഹിച്ചു.

പുതിയ 4 ഷോറൂമുകൾ തുറന്നതോടെ ഗ്രാമീണമേഖലയിലെ 46 അടക്കം കേരളത്തിലെ മൊത്തം ഹ്യുണ്ടായ് ഷോറൂമുകൾ 84 ആയി ഉയർന്നുവെന്ന് തരുൺ ഗാർഗ് പറഞ്ഞു. യാത്രികരുടെ സുരക്ഷയ്ക്ക് എന്നും മുൻതൂക്കം നൽകുന്ന ഹ്യുണ്ടായ് നിയോസിലും ഓറയിലും 4 വീതവും ക്രെറ്റയിലും ഉയർന്ന മോഡലുകളിലും ആറുവീതവും എയർബാഗുകൾ ഉൾപ്പെടെ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഹ്യുണ്ടായിയുമായി ചേർന്ന് 4 പുത്തൻ ഷോറൂമുകൾ ആരംഭിച്ചത് സന്തോഷകരമാണെന്ന് പി.പി.എസ് മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്‌ടർ രാജീവ് സാംഗ്‌വി പറഞ്ഞു.