റെസ്‌റ്റോറന്റുകൾക്ക് തിരിച്ചടി; കമ്മിഷൻ കൂട്ടണമെന്ന് സൊമാറ്റോ

Tuesday 28 February 2023 2:46 AM IST

ന്യൂഡൽഹി: റെസ്‌റ്റോറന്റ് ശൃംഖലകളോടെ കമ്മിഷൻ രണ്ടുമുതൽ 6 ശതമാനം വരെ ഉയർത്തണമെന്ന് പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ളാറ്റ്‌ഫോമായ സൊമാറ്റോ ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. ഇന്നലെ എക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. തുടർച്ചയായ നഷ്‌ടം നികത്താനും ലാഭത്തിലേക്ക് അതിവേഗം കുതിച്ചുകയറാനുമുള്ള നടപടികളുടെ ഭാഗമാണ് സൊമാറ്റോയുടെ ഈ ആവശ്യമെന്ന് അറിയുന്നു.

അതേസമയം,​ റെസ്‌റ്റോറന്റുകൾ സൊമാറ്റോയുടെ ആവശ്യം തള്ളിയെന്നാണ് സൂചന. ഡൽഹി,​ മുംബയ്,​ കൊൽക്കത്ത നഗരങ്ങളിലെ ഹോട്ടലുകളോടാണ് സൊമാറ്റോ അധിക കമ്മിഷൻ ആവശ്യപ്പെട്ടത്. മുഖംതിരിക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്നും എക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിലുണ്ട്. ഹോട്ടലുകളെ പ്ളാറ്റ്‌ഫോമിൽ നിന്ന് ഡിലിസ്‌റ്റ് ചെയ്യുക (ഒഴിവാക്കുക)​,​ ഡെലിവറി ഏരിയയുടെ വ്യാപ്തി കുറയ്ക്കുക,​ പ്ളാറ്റ്‌ഫോമിൽ ഹോട്ടലിന്റെ പേര് മറച്ചുവയ്ക്കുക തുടങ്ങിയ നടപടികളുണ്ടെന്നാണ് സൂചന.

കഴിഞ്ഞ രണ്ടുവർഷമായി ഓരോ ഓർഡറിനും 18-25 ശതമാനം കമ്മിഷനാണ് സൊമാറ്റോ ഈടാക്കുന്നത്. സ്വിഗ്ഗി ഇതിനേക്കാൾ കൂടുതൽ കമ്മിഷൻ ഈടാക്കുന്നത് കൂടി കണക്കിലെടുത്താണ് സൊമാറ്റോയുടെ നീക്കമെന്നും റിപ്പോർട്ടിലുണ്ട്. നടപ്പു സാമ്പത്തികവർഷത്തെ ഒക്‌ടോബർ-ഡിസംബർപാദത്തിൽ 347 കോടി രൂപയുടെ അറ്റനഷ്‌ടം സൊമാറ്റോ രേഖപ്പെടുത്തിയിരുന്നു.