പുതിയ വിമാനം: എയർഇന്ത്യ ചെലവിടുക $7,000 കോടി
Tuesday 28 February 2023 2:49 AM IST
ന്യൂഡൽഹി: ആഗോള വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ എന്ന പെരുമയോടെ 470 പുത്തൻ വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്ന എയർഇന്ത്യ ചെലവിടുക 7,000 കോടി ഡോളർ (ഏകദേശം 5.74 ലക്ഷം കോടി രൂപ). അമേരിക്കൻ കമ്പനിയായ ബോയിംഗിൽ നിന്ന് 220, ഫ്രഞ്ച് കമ്പനിയായ എയർബസിൽ നിന്ന് 250 എന്നിങ്ങനെ പുത്തൻ വിമാനങ്ങൾക്കാണ് ഓർഡർ.
അന്താരാഷ്‌ട്രതലത്തിലെ ധനസമാഹരണം, ഓഹരിവില്പന തുടങ്ങിയ മാർഗങ്ങളിലൂടെയാകും പണം കണ്ടെത്തുകയെന്ന് എയർഇന്ത്യ സി.ഇ.ഒ കാംബെൽ വിൽസൺ പറഞ്ഞു. ഈവർഷം അവസാനം മുതൽ അടുത്ത ദശാബ്ദത്തിനകം പുത്തൻ വിമാനങ്ങൾ എയർഇന്ത്യയുടെ ഭാഗമാകും. ഇത് കൂടുതൽ വിദേശനഗരങ്ങളിലേക്ക് സാന്നിദ്ധ്യമറിയിക്കാനും വിപണിവിഹിതം ഉയർത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷ. പുതുതായി 4,200 കാബിൻ ക്രൂവിനെയും 900 പൈലറ്റുമാരെയും നിയമിക്കാനും എയർഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.