ജനകീയ പ്രതിരോധ ജാഥക്ക് തിരൂരങ്ങാടിയിൽ വമ്പിച്ച സ്വീകരണം.
തിരൂരങ്ങാടി : ജനകീയ പ്രതിരോധ ജാഥയ്ക്ക് തിരൂരങ്ങാടിയിൽ വമ്പിച്ച സ്വീകരണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ചെമ്മാട് സ്വീകരണ കേന്ദ്രത്തിൽ എത്തിയത്. സി.പി.എം ഒരു മതവിശ്വാസത്തിനും എതിരല്ലെന്ന് യോഗത്തിൽ പ്രസംഗിച്ച എം.വി. ഗോവിന്ദൻ പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടാൻ വിശ്വാസികളെ കൂടി കൂടെ കൂട്ടേണ്ടതുണ്ട്. കേന്ദ്ര ഗവൺമെന്റ് സംസ്ഥാന സർക്കാരിനെ നിരന്തരമായി പ്രതിരോധത്തിലാക്കുകയാണ് .കേന്ദ്രത്തിൽ നിന്ന് ഒന്നും തരുന്നില്ല. 40,000 കോടി രൂപയാണ് ഈ വർഷം കേരളത്തിന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
ചെമ്മാട് ടൗണിൽ നിന്നും കോഴിക്കോട് റോഡിലെ പ്രധാന വേദിയിലേക്ക് പാർട്ടി പ്രവർത്തകർ മുത്തുക്കുടകളുടെയും ബാൻഡ് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും റെഡ് വൊളന്റിയർ മാർച്ചിന്റെയും അകമ്പടിയോടെ ചെമ്മാട് ജംഗ്ഷനിൽ നിന്ന് സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. സ്വീകരണ കേന്ദ്രത്തിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി സന്നിഹിതരായിരുന്നു. സ്വീകരണത്തിൽ തയ്യിൽ അലവി അദ്ധ്യക്ഷത വഹിച്ചു. ജാഥ മാനേജർ പി.കെ. ബിജു, ജാഥ അംഗങ്ങളായ ഡോ:കെ.ടി. ജലീൽ എം.എൽ.എ, എം. സ്വരാജ്, ജെയ്ക് സി. തോമസ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ശശികുമാർ, വി.എം. ഷൗക്കത്ത്, ഇ. ജയൻ, ജില്ലാ കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ, അഡ്വ. സി. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെ ജാഥ ക്യാപ്റ്റൻ ആദരിച്ചു .