ഭക്ഷണ വില കൂട്ടി റെയിൽവേ; യാത്രക്കാരുടെ കീശ കീറും

Wednesday 01 March 2023 12:35 AM IST

ഒറ്റപ്പാലം: റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളിൽ വിഭവങ്ങൾക്ക് വില ക്രമാതീതമായി കൂട്ടി റെയിൽവേ. സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാരും യാത്രയയപ്പുകാരുമൊക്കെ ഇനി ഭക്ഷണത്തിന് അമിത വില നൽകേണ്ടി വരും. ചോറിനും മീൻകറിക്കും 59 രൂപയായിരുന്നത് 95 ആക്കി ഉയർത്തി. പരിപ്പുവട, ഉഴുന്നു വട, സമോസ എന്നിവയുടെ വില സെറ്റിന് 17 രൂപയായിരുന്നത് 25 ആയി. 13 രൂപയുടെ പഴംപൊരി ഇനി 20 രൂപയ്ക്കാണ് ലഭിക്കുക. രണ്ട് ഇഡ്ഡലിക്കും ഇതേ രീതിയിൽ വില കൂടി. മുട്ടക്കറിക്ക് 32 രൂപയായിരുന്നത് 50 ആയി. കടലക്കറി 28ൽ നിന്ന് 40 രൂപയിലെത്തി. 200 ഗ്രാം വെജിറ്റബിൾ ബിരിയാണിക്ക് 70ഉം മുട്ട ബിരിയാണിക്ക് 80ഉം രൂപ നൽകണം. ചിക്കൻ ബിരിയാണിക്ക് 100 രൂപയായി. വർദ്ധിപ്പിച്ച വില സംബന്ധിച്ച് ഐ.ആർ.സി.ടി.സി.യാണ് ഉത്തരവിറക്കിയത്.

വില വർദ്ധന സാധാരണക്കാർക്ക് താങ്ങാവുന്നതല്ല. നടപടി യാത്രക്കാരിൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കും. കാറ്ററിംഗ് ജീവനക്കാരുടെ വിൽപ്പനയെയും വരുമാനത്തെയും ഇത് പ്രതികൂലമായി ബാധിക്കും. നടപടി റെയിൽവേ പിൻവലിക്കണം.

-ആർ.ജി.പിള്ള (പ്രസിഡന്റ്)​,​ ടി.കെ.അച്യുതൻ (ജന.സെക്രട്ടറി),​​ റെയിൽവേ കാറ്ററിംഗ് വർക്കേഴ്സ് യൂണിയൻ.

പുതുക്കിയ വില ഇങ്ങനെ:

ചോറും മീൻകറിയും- 95 രൂപ.

പരിപ്പുവട, ഉഴുന്നു വട, സമോസ സെറ്റ്- 25 രൂപ.

പഴംപൊരി- 20 രൂപ.

മുട്ടക്കറി- 50 രൂപ.

കടലക്കറി- 40 രൂപ

വെജിറ്റബിൾ ബിരിയാണി- 70 രൂപ.

മുട്ട ബിരിയാണി- 80 രൂപ.

ചിക്കൻ ബിരിയാണി- 100 രൂപ