റിനൈ മെഡിസിറ്റിയിൽ മിലെപ് ശസ്ത്രക്രിയ
കൊച്ചി: ലേസർ ഉപയോഗിച്ചുള്ള പ്രോസ്‌റ്റേറ്റ് ശസ്ത്രക്രിയയിൽ ലോകത്തെ ഏറ്റവും ആധുനികരീതിയായ മിനിമലി ഇൻവേസീവ് ലേസർ എന്യുക്ളിയേഷൻ ഒഫ് ദപ്രോസ്‌റ്റേറ്റ് (മിലെപ്) ഇന്ത്യയിൽ ആദ്യമായി റിനൈ മെഡിസിറ്റിയിൽ നടന്നു. എറണാകുളം സ്വദേശിയായ 64കാരനിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
റിനൈ യൂറോളജിയിലെ ലേസർ എൻഡോ യൂറോളജിസ്‌റ്റുമാരായ ഡോ. വിഷ്‌ണു രവീന്ദ്രൻ, ഡോ. രജനികാന്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ യൂറോളജി വിഭാഗത്തിലെ ഡോ. ചിഞ്ചു, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. എബ്രഹാം ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു. ലേസർ ശസ്ത്രക്രിയയ്ക്ക് ഉഫയോഗിക്കുന്ന ലോകത്തെ ഏറ്റവും ചെറിയ ഉപകരണമാണ് ഈ ശസ്ത്രക്രിയയിൽ ഉപയോഗിച്ചത്.
ഏറ്റവും ചെറിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് മൂലം മൂത്രനാളിക്കും മൂത്രാശയത്തിനും പരിക്കേൽക്കാനുള്ള സാഹചര്യം ഒഴിവാക്കാനാകും. ശസ്ത്രക്രിയയ്ക്ക് ശേഷം മൂത്രനാളി ചുരുങ്ങുക, മൂത്രം നിയന്ത്രിക്കാനാവാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങളും കുറവായതിനാൽ രോഗിക്ക് ഏറ്റവും മികച്ച ശസ്ത്രക്രിയാനന്തര ഫലപ്രാപ്‌തി ലഭിക്കുമെന്ന് ഡോ. വിഷ്‌ണു രവീന്ദ്രൻ പറഞ്ഞു.
നിർദ്ധനരായ 10 രോഗികൾക്ക് ഈ ശസ്ത്രക്രിയ സൗജന്യനിരക്കിൽ ലഭ്യമാക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്‌ടർ കൃഷ്‌ണദാസ് പോളക്കുളത്ത് പറഞ്ഞു.