കാലിക്കറ്റ് സെനറ്റ് തിരഞ്ഞെടുപ്പ്; ഹൈക്കോടതി നിലപാട് നിർണ്ണായകം; ഭരണസ്തംഭനത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക

Wednesday 01 March 2023 12:04 AM IST
CALICUT UNIVERSITY

മലപ്പുറം: കാലിക്കറ്റ് സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന ഹർജിയിൽ വാദം പൂർത്തിയാക്കിയ ഹൈക്കോടതി വിധി പറയാനായി മാറ്റിവച്ചു. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ സർവകലാശാല നിയമത്തിലെ 18 (3) സെക്‌ഷൻ ചൂണ്ടിക്കാട്ടി നിലവിലെ സെനറ്റിന് പുതിയ സെനറ്റ് വരുന്നത് വരെ കാലാവധിയുണ്ടെന്ന് സർവകലാശാല രജിസ്ട്രാർ നിലപാടെടുത്തു. എന്നാൽ സെനറ്റിന്റെ കാലാവധി നീട്ടുന്നത് ചാൻസലറായ ഗവർണറുടെ അധികാരമാണെന്ന് ഗവർണറുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കണമെന്നും അതുവരെ ഗവർണർ താത്കാലിക സംവിധാനങ്ങൾ ഒരുക്കണമെന്നും ഹർജിയേകിയ സെനറ്റംഗം ഷിബി എം.തോമസും വാദിച്ചു. കോടതി വിധി സ‌ർവകലാശാലയ്ക്ക് നിർണ്ണായകമാണ്. ചാൻസലറായ ഗവർണറുടെ അധികാരം അംഗീകരിക്കപ്പെട്ടാൽ നിലവിലെ സിൻഡിക്കേറ്റിന് പകരം മറ്റൊരു സിൻഡിക്കേറ്റിനെ ഗവർണർ കൊണ്ടുവരാനുള്ള സാദ്ധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അതേസമയം,​ ഈ സിൻഡിക്കേറ്റിനെ അംഗീകരിക്കാൻ സർക്കാർ തയ്യാറാവില്ല. ഇതോടെ സർവകലാശാല ഭരണസ്തംഭനാവസ്ഥയിലേക്ക് നീങ്ങുമോയെന്നതാണ് ആശങ്ക.

കാലിക്കറ്റ് സർവകലാശാലയിൽ താത്ക്കാലിക സിൻഡിക്കേറ്റും സെനറ്റും രൂപീകരിക്കുവാനുള്ള ഭേദഗതി ബിൽ ഗവർണർ അംഗീകരിക്കാത്തതിന് പിന്നാലെ നിയമസഭയിൽ അവതരിപ്പിക്കുന്നത് സർക്കാർ മാറ്റിവച്ചിരുന്നു. സെനറ്റിന്റെ കാലാവധി മാർച്ച് ആറിന് അവസാനിക്കില്ലെന്ന് ഇന്നലെ ചേർന്ന സെനറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജും വ്യക്തമാക്കി. താത്കാലിക സെനറ്റും സിൻഡിക്കേറ്റും രൂപീകരിക്കാൻ നിയമസഭയിൽ അവതരിപ്പിക്കാനിരുന്ന ബിൽ ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റംഗം ഡോ.റഷീദ് അഹമ്മദിന്റെയും അഡ്വ.കെ.രാജന്റെയും ചോദ്യത്തോടാണ് വി.സി ഇക്കാര്യം വ്യക്തമാക്കിയത്. വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ, ബോർഡ് ഒഫ് സ്റ്റഡീസ്, സ്റ്റുഡന്റ്സ് കൗൺസിൽ എന്നിവയുടെയെല്ലാം കാലാവധി നാല് വർഷമാണെന്നും എന്നാൽ സെനറ്റിന്റെ കാലപരിധി സർവകലാശാല നിയമത്തിൽ പ്രതിപാദിക്കുന്നില്ലെന്നും വൈസ് ചാൻസലർ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ വരുന്നത് ഒഴിവാക്കാനും സർവകലാശാല ഭരണം പൂർണ്ണമായും സി.പി.എമ്മിന്റെ നിയന്ത്രണത്തിലാക്കാനുമാണ് യഥാസമയം സെനറ്റ് തിരഞ്ഞെടുപ്പ് നടത്താത്തതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എക്സ് ഒഫിഷ്യോ അംഗങ്ങളെ കൂടാതെ 13 പേരെ പുതുതായി നാമനിർദ്ദേശം ചെയ്യാനുള്ള കരട് ബില്ലിനെ ചോദ്യം ചെയ്താണ് സെനറ്റംഗം ഹൈക്കോടതിയെ സമീപിച്ചത്.