വിഭാഗീയത ആരോപിച്ച് പാർട്ടിയെ തകർക്കാനാവില്ല: മുസ്ലിംലീഗ്

Wednesday 01 March 2023 12:05 AM IST
മുസ്ലിംലീഗ്

കോഴിക്കോട് : വിഭാഗീയത ആരോപിച്ച് പാർട്ടിയെ തകർക്കാനാവില്ലെന്ന് മുസ്ലിംലീഗ് ജില്ല നേതൃത്വം. ബാഫഖി തങ്ങളും സി.എച്ചും ഉൾപ്പെടെയുള്ള മഹാരഥന്മാരായ നേതാക്കൾ കെട്ടിപ്പടുത്ത പാർട്ടിയെ ജില്ലയിൽ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല പ്രസിഡന്റ് എം.എ റസാഖും ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിലും പറഞ്ഞു. ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തിൽ നടന്ന മെമ്പർഷിപ്പ് കാമ്പയിന് ജില്ലയിൽ ലഭിച്ച വൻ സ്വീകാര്യതയുടെ തുടർച്ചയായി ബഹുജന പങ്കാളിത്തം വിളിച്ചോതിയ സമ്മേളനങ്ങളോടെയാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.

വിഭാഗീയ പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണ്. പുതുതായി രൂപീകരിക്കപ്പെട്ട ജില്ലാ കമ്മിറ്റി ആരുടെയും പക്ഷക്കാരല്ല. ജില്ലാ കമ്മിറ്റി രൂപീകരിച്ചത് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും ദേശീയ ജനറൽ സെക്രട്ടറിയും നിയമസഭാ പാർട്ടി ലീഡറുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും അറിവും സമ്മതത്തോടെയുമാണ്.

സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം, ജില്ലയിലെ മുതിർന്ന നേതാക്കളായ ഡോ.എം.കെ മുനീർ, പി.കെ.കെ ബാവ , എം.സി മായിൻഹാജി, സി.പി.ചെറിയ മുഹമ്മദ്, സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല തുടങ്ങിയവർ മികച്ച ഇടപെടലാണ് നടത്തിയത്. ജില്ലയുടെ മെമ്പർഷിപ്പ് ക്യാമ്പയിന് ചുമതല വഹിച്ച കൺവീനർമാരായ സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പി അബ്ദുൽഹമീദ് എം.എൽ.എ, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം റഹ്മത്തുള്ള എന്നിവർ മികച്ച ഇടപെടലാണ് നടത്തിയത്. ഒരു പരാതിക്കും ഇടയില്ലാത്ത വിധമാണ് മെമ്പർഷിപ്പ് വിതരണവും വാർഡ് തലം മുതൽ ജില്ലാ തലം വരെയുള്ള കമ്മിറ്റി രൂപീകരണത്തിനും കൺവീനർമാർ നേതൃത്വം വഹിച്ചത്.

ജില്ലാ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് നേതാക്കളെ വിവിധ കളങ്ങളിലാക്കി ചാപ്പകുത്താനുള്ള ശ്രമം പാർട്ടി വിരുദ്ധരുടെ പ്രചാരവേലയാണ്. യോഗം തീരുംമുമ്പ് കുഞ്ഞാലിക്കുട്ടി ക്ഷുഭിതനായി മടങ്ങിയെന്നൊക്കെയുള്ള പ്രചാരണം ശരിയല്ലെന്നും ജില്ലാ ഭാരവാഹികളെ അഭിനന്ദിച്ചാണ് കുഞ്ഞാലിക്കുട്ടി മടങ്ങിയതെന്നും എം.എ. റസാഖ് പറഞ്ഞു.