ഭീമനടി ചിറ്റാരിക്കൽ റോഡിന് പ്രതീകാത്മക ഉദ്ഘാടനം

Wednesday 01 March 2023 12:08 AM IST
ഭീമനടി ചിറ്റാരിക്കൽ റോഡ് പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു സമരസമിതി

നർക്കിലക്കാട്: നാലുവർഷമായി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഭീമനടി- ചിറ്റാരിക്കാൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധ സൂചകമായി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മക റോഡ് ഉദ്ഘാടനം നടത്തി. ഇതോടൊപ്പം അനിശ്ചിതകാല പ്രാർത്ഥനാ യജ്ഞവും ആരംഭിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നേരത്തെ റോഡ് ഉപരോധവും മനുഷ്യച്ചങ്ങലയും സായാഹ്ന ധർണയും നടത്തി പ്രതിഷേധിച്ചിരുന്നു. ഫെബ്രുവരി 28ന് മുൻപ് ചിറ്റാരിക്കൽ വരെയുള്ള 10 കിലോമീറ്റർ ദൂരം ഒരു ലയർ ടാറിംഗ് നടത്തുമെന്ന് എം. രാജഗോപാൽ എം.എൽ.എ സംയുക്ത സമരസമിതിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പു നൽകിയിരുന്നു. ഇതും പാഴ്‌വാക്കായതോടെയാണ് സംയുക്ത സമരസമിതി വീണ്ടും സമരരംഗത്തിറങ്ങിയത്. സംയുക്ത സമരസമിതി ഭാരവാഹികളായ സോണി കാരിയ്ക്കൽ, പുഷ്പലാൽ, ടി.സി. രാമചന്ദ്രൻ, ബർക്ക് മാൻസ് ജോർജ്, ഫിലിപ്പോസ് ഊത്ത പാറയ്ക്കൽ, മനു കയ്യാലത്ത്, മനോജ് ജോസഫ് നേതൃത്വം നൽകി.