നോർക്ക - കേരളബാങ്ക് പ്രവാസി വായ്പാമേള: 203 സംരംഭങ്ങൾക്ക് 18.22 കോടിയുടെ വായ്പാ അനുമതി

Wednesday 01 March 2023 12:04 AM IST
പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും കേരള സംസ്ഥാന സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേള കേരള ബാങ്ക് ഡയറക്ടർ ഇ.രമേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും കേരള സംസ്ഥാന സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേളയിൽ 203 സംരംഭങ്ങൾക്കായി 18.22 കോടി രൂപയുടെ വായ്പാ അനുമതി നൽകി. സംരംഭങ്ങളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. കേരള ബാങ്ക് ശാഖകൾ വായ്പ അനുവദിക്കും. 251 അപേക്ഷകരാണ് വായ്പാ മേളയിൽ പങ്കെടുത്തത്. കേരള ബാങ്ക് കോഴിക്കോട് റീജിയണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന വായ്പാമേള കേരള ബാങ്ക് ഡയറക്ടർ ഇ.രമേശ് ബാബു ഉദ്ഘാടനം ചെയ്തു. റീജിയണൽ ജനറൽ മാനേജർ സി.അബ്ദുല്‍ മുജീബ് അദ്ധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്‌സ് കോഴിക്കോട് സെന്റർ മാനേജർ അബ്ദുൽ നാസർ വാക്കയിൽ നോർക്ക റൂട്ട്‌സ് പദ്ധതികളും കേരള ബാങ്ക് വായ്പാ വിഭാഗം മാനേജർ ടി.കെ ജീഷ്മ കേരള ബാങ്ക് വായ്പാ പദ്ധതികളും വിശദീകരിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ.ദിനേശൻ, ഐ.കെ വിജയൻ, നോർക്ക റൂട്ട്‌സ് പ്രൊജക്ട് അസിസ്റ്റന്റ് എം.ജയകുമാർ, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസർ എം.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ പി.ബാലഗോപാലൻ സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എം റീന നന്ദിയും പറഞ്ഞു.