മസ്‌ക് വീണ്ടും ലോകത്തെ ഏറ്റവും സമ്പന്നൻ

Wednesday 01 March 2023 3:08 AM IST

ന്യൂഡൽഹി: നാല് മാസത്തെ ഇടവേളയ്ക്കുശേഷം ബ്ളൂംബെർഗ് ശതകോടീശ്വര പട്ടികയിൽ ലോകത്തെ ഏറ്റവും സമ്പന്നനെന്ന പട്ടം തിരികെപ്പിടിച്ച് എലോൺ മസ്‌ക്. ടെസ്‌ല, സ്പേസ്‌എക്‌സ്, ട്വിറ്റർ എന്നിവയുടെ സി.ഇ.ഒയായ മസ്‌ക് 18,700 കോടി ഡോളർ (ഏകദേശം 15.46 ലക്ഷം കോടി രൂപ) ആസ്തിയുമായാണ് ഒന്നാംസ്ഥാനത്ത് തിരിച്ചെത്തിയത്. 2023ൽ ഇതുവരെ മാത്രം ആസ്‌തിയിലെ വർദ്ധന 5,000 കോടി ഡോളറാണ് (4.13 ലക്ഷം കോടി രൂപ).

2022ൽ ഒക്‌ടോബർ വരെ മസ്ക് ഒന്നാമതായിരുന്നു. തുടർന്ന് ട്വിറ്ററിനെ ഏറ്റെടുത്തതോടെ ടെസ്‌ല ഓഹരികളിലുണ്ടായ വീഴ്‌ചയാണ് അദ്ദേഹത്തെ രണ്ടാംസ്ഥാനത്തേക്ക് വീഴ്‌ത്തിയത്. ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർണോ ഒന്നാംസ്ഥാനം നേടുകയായിരുന്നു. അർണോ ഇപ്പോൾ 18,500 കോടി ഡോളർ (15.29 ലക്ഷം കോടി രൂപ) ആസ്തിയുമായി രണ്ടാമതാണ്.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (11,700 കോടി ഡോളർ), മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് (11,400 കോടി ഡോളർ), ബെർക്‌ഷെയർ ഹാത്തവേ മേധാവി വാറൻ ബഫറ്റ് (10,600 കോടി ഡോളർ) എന്നിവരാണ് ടോപ് 5ലെ മറ്റുള്ളവർ.

അംബാനി 10-ാമൻ

10-ാംസ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യക്കാരിൽ ഏറ്റവും മുന്നിൽ; ആസ്തി 8,​110 കോടി ഡോളർ (6.70 ലക്ഷം കോടി രൂപ)​. ഹിൻഡൻബർഗ് വിവാദത്തിന് മുമ്പുവരെ ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഇപ്പോൾ 32-ാമതാണ്. ആസ്തി 3,​770 കോടി ഡോളർ (3.11 ലക്ഷം കോടി രൂപ)​. ഈവർഷം മാത്രം ആസ്തിയിൽ നിന്ന് കൊഴിഞ്ഞത് 8,​280 കോടി ഡോളറാണ് (6.84 ലക്ഷം കോടി രൂപ)​.

മലയാളികളിൽ യൂസഫലി

മലയാളികളിലെ ഏറ്റവും സമ്പന്നനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി തുടരുകയാണ്. ബ്ളൂംബെർഗ് പട്ടികയിൽ 464-ാം സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ആസ്‌തി 537 കോടി ഡോളർ (44,​400 കോടി രൂപ)​. 500 പേരുള്ള ബ്ളൂംബെർഗ് റിയൽടൈം ശതകോടീശ്വര പട്ടികയിൽ കേരളത്തിൽ നിന്ന് മാറ്റാരുമില്ല.