പ്ളാറ്റിനത്തിനും പെരിയ പ്രിയം!
Wednesday 01 March 2023 3:49 AM IST
ന്യൂഡൽഹി: സ്വർണത്തിനും വജ്രത്തിനും പിന്നാലെ ഇന്ത്യയിൽ പ്ളാറ്റിനം ആഭരണങ്ങൾക്കും പ്രിയമേറുന്നു. കഴിഞ്ഞ ഒക്‌ടോബർ-ഡിസംബറിൽ റീട്ടെയിൽ വില്പന വളർച്ച 22 ശതമാനമാണെന്ന് പ്ളാറ്റിനം ഗിൽഡ് ഒഫ് ഇന്റർനാഷണൽ (പി.ജി.ഐ) വ്യക്തമാക്കി. വിവാഹ, ഉത്സവകാല സീസണാണ് വില്പനയ്ക്ക് കരുത്തായത്.
പ്ളാറ്റിനം ജുവലറിയിലെ പുതിയ ഡിസൈനുകൾ, ഉപഭോക്തൃ വാങ്ങൽശേഷിയിലെ ഉണർവ്, ഇ-കൊമേഴ്‌സ് ആഭരണവിപണിയുടെ വളർച്ച എന്നിവ പ്ളാറ്റിനത്തിന്റെ സ്വീകാര്യത ഉയർത്തിയെന്ന് വിലയിരുപ്പെടുന്നു. കഴിഞ്ഞ ദീപാവലി, ധൻതേരസ് ഉത്സവകാലത്ത് മികച്ച വില്പനയുണ്ടായി. യുവതികൾക്കിടയിലാണ് പ്ളാറ്റിനം ആഭരണങ്ങൾക്ക് ഏറെ പ്രിയമെന്ന് ജുവലറിക്കാർ വ്യക്തമാക്കുന്നു. ഗുജറാത്തിലും ദക്ഷിണേന്ത്യയിലുമാണ് ഏറ്റവുമധികം ഡിമാൻഡുള്ളത്.