ഗുളിക കഴിക്കാൻ വെളളമില്ല: ഇരിക്കാൻ കസേരയില്ല, ബീച്ച് ആശുപത്രിക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മിഷൻ

Wednesday 01 March 2023 12:04 AM IST

കോഴിക്കോട് : തലകറക്കം അനുഭവപ്പെട്ട് ഏതു നിമിഷവും വീണു പോയേക്കാം എന്ന അവസ്ഥയിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് പോലും ഇരിക്കാൻ കസേരയോ കുടിവെള്ളമോ നൽകാൻ ബീച്ച് ആശുപത്രിയിൽ സംവിധാനമില്ലെന്ന അഭിഭാഷകയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് നോട്ടീസയച്ചു.

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറും ബീച്ച് ഗവ.ആശുപത്രി സൂപ്രണ്ടും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. 30ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. താമരശേരി സ്വദേശിനി അഡ്വ.പി.പി.ബിൽകീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

ഫെബ്രുവരി 22 ന് ജില്ലാ കോടതിയിൽ വിചാരണക്കെത്തിയ സഹപ്രവർത്തകനായ അഭിഭാഷകന് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് പരാതിക്കാരി ബീച്ച് ആശുപത്രിയിലെത്തിയത്. തലകറക്കത്തിന് ഗുളിക കഴിക്കാനും ഐ.വി ഫ്ലുയിഡ് നൽകാനും ഡോക്ടർ നിർദേശിച്ചു. എന്നാൽ ഗുളിക കഴിക്കാൻ വെളളം ഉണ്ടായിരുന്നില്ല. ഒടുവിൽ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നും വെള്ളം കിട്ടിയപ്പോൾ കുടിക്കാൻ ഗ്ലാസില്ല. ഇരിക്കാൻ കസേരയുമില്ലാത്ത അവസ്ഥയാണ്.