കൊച്ചിയിൽ പുതിയ കുടിവെള്ള പദ്ധതി വരും
Wednesday 01 March 2023 1:13 AM IST
തിരുവനന്തപുരം: കൊച്ചിയിൽ ആലുവ കേന്ദ്രീകരിച്ച് പുതിയ കുടിവെള്ള പദ്ധതി ആവശ്യമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ധന, വ്യവസായ മന്ത്രിമാരുമായി ഇതേക്കുറിച്ച് ചർച്ച നടത്തി. അന്തിമ തീരുമാനം ഉടനുണ്ടാവും. കൊച്ചിയുടെ സമഗ്ര കുടിവെള്ള പദ്ധതിക്ക് ഉടൻ രൂപം നൽകും. നിലവിൽ കുടിവെള്ള ക്ഷാമം നേരിടുന്നിടത്ത് ടാങ്കർ ലോറിയിൽ ജല അതോറിട്ടി വെള്ളമെത്തിക്കുന്നു. കൊച്ചി കോർപറേഷനും വെള്ളമെത്തിക്കുന്നു. ഒരാഴ്ച കൊണ്ട് 46ലക്ഷം കുടിവെള്ളമാണ് നൽകിയത്. ശേഷി കൂടിയ പുതിയ പമ്പുകൾ വാങ്ങാൻ 4.23കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. സ്റ്രാൻഡ് ബൈ പമ്പും വാങ്ങുമെന്നും കെ.ബാബുവിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.