വനിതാകമ്മിഷൻ സിറ്റിംഗ് : 15 പരാതികൾ തീർപ്പാക്കി
പത്തനംതിട്ട : ഉപേക്ഷിച്ചുപോയ ഭർത്താവ്, ഇപ്പോൾ നിരന്തരം വന്ന് വഴക്കുണ്ടാക്കുന്നു. മകളുമായി തനിയെ സമാധാനത്തോടെ ജീവിക്കുകയാണ്. പക്ഷെ മകളോട് പറയാൻ പാടില്ലാത്ത അസഭ്യം പറയുന്നു. സഹികെട്ടാണ് പരാതി നൽകിയത്. ഭർത്താവിന് വഴിവിട്ട ബന്ധമുണ്ട്. ഉപേക്ഷിച്ച് പോയിട്ട് വീണ്ടും ഉപദ്രവിക്കാനായി എത്തുകയാണ്. മകൾക്ക് സുഹൃത്തുക്കളായ ആൺകുട്ടികളോട് സംസാരിക്കാൻ കഴിയില്ല. അശ്ലീല ചുവയോടെയാണ് മകളോട് സംസാരിക്കുന്നത്. മകളോട് അത്തരത്തിൽ പെരുമാറുന്നത് ഇനിയും അംഗീകരിക്കാൻ കഴിയില്ല. ഒരു തീരുമാനത്തിലെത്താനാണ് പരാതി. പിതാക്കൻമാർക്കെതിരെ ഇത്തരത്തിൽ ഇതുപോലെ വേറെയും പരാതികളുണ്ട്.
പ്രായമായ അമ്മയെ നോക്കാതെ മുങ്ങിയ മക്കൾ, സ്ത്രീകളെ ചതിച്ച് പണംതട്ടിയ പരിചയക്കാർ, വീട്ടിലെ ഗാർഹിക പീഡനം സഹിക്കവയ്യാതെ ഇറങ്ങി പോകേണ്ടി വന്ന യുവതി ഇങ്ങനെ സംഭവബഹുലമായ പരാതികളുടെ ബഹളമായിരുന്നു ഇന്നലെ ജില്ലയിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ.
പത്തനംതിട്ട ജില്ലാ സിറ്റിംഗിൽ 15 പരാതികൾ തീർപ്പാക്കി. സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന സിറ്റിംഗിൽ കമ്മിഷനു ലഭിച്ച 50 കേസുകളിൽ ഏഴ് പരാതികൾ വിശദമായ റിപ്പോർട്ടിനായി അയച്ചു. 28 പരാതികളിൽ കൂടുതൽ വിശദാംശങ്ങൾ ലഭിക്കേണ്ടതിനാൽ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. സിറ്റിംഗിൽ വനിതാകമ്മിഷൻ അംഗം അഡ്വ.എലിസബത്ത് മാമ്മൻ മത്തായി, പാനൽ അഭിഭാഷകരായ അഡ്വ.കെ.ജെ.സിനി, അഡ്വ.എസ്.സീമ, സൈക്കോസോഷ്യൽ കൗൺസിലർമാരായ രമ്യ കെ തോപ്പിൽ, മജിദ മാഹിൻ എന്നിവർ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളിൽ മേലുള്ള പരാതികൾ കേട്ടു.