സ്നേഹം വിളമ്പി ബാലചന്ദ്രനും വത്സമ്മയും; 5 രൂപയുടെ രുചിക്ക് 55 വയസ്

Wednesday 01 March 2023 12:24 AM IST

മല്ലപ്പള്ളി : ജില്ലാ അതിർത്തിയായ കുളത്തൂരിൽ കഴിഞ്ഞ 55 വർഷമായി അതിരുകൾ ഇല്ലാതെ അഞ്ച് രൂപയ്ക്ക് സ്നേഹപലഹാരങ്ങൾ വിളമ്പുകയാണ് ഭഗവതിപ്പറമ്പിൽ പി.പി.ബാലചന്ദ്രനും (75), ഭാര്യ വത്സമ്മ (65) യും. ദിവസവും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഉഴുന്നവട, പരിപ്പുവട, അരിവട, നാടൻ വെട്ടുകേക്ക്, ഏത്തയ്ക്കാപ്പം, ബോണ്ട, ബോളി, സുഖിയൻ എന്നിവ ഇവിടെ ലഭിക്കും. പലഹാരങ്ങൾക്കെല്ലാം അഞ്ചുരൂപ മാത്രം എന്നതാണ് ദമ്പതികളുടെ കാർത്തിക് ഹോട്ടലിന്റെ പ്രത്യേകത.

പ്രഭാതഭക്ഷണത്തിന് ദോശയും ഇഡ്ഡലിയും ചട്ണിയും ഉറപ്പാണ്. അന്നും ഇന്നും ആട്ടുകല്ലിൽ അരച്ചെടുക്കുന്ന മാവിലാണ് വിഭവങ്ങൾ. മിതമായവിലയിൽ സ്വാദൂറും വിഭവങ്ങൾ തേടി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് നിരവധിയാളുകൾ എത്താറുണ്ട്. 1967ൽ ഹോട്ടൽ ആരംഭിക്കുമ്പോൾ രാവിലെ മുതൽ രാത്രി വരെ ഭക്ഷണം വിളമ്പിയിരുന്നു. അക്കാലത്ത് മീൻ കൂട്ടിയുള്ള ഊണിന് 40 രൂപ മറ്റു ഹോട്ടലുകൾ ഇൗടാക്കിയിരുന്നെങ്കിൽ ബാലചന്ദ്രൻ വാങ്ങിയിരുന്നത് 20 രൂപ മാത്രം. ദിവസേന 200ന് മുകളിൽ ഊണുകളാണ് അന്ന് വിറ്റിരുന്നത്. കാര്യമായി കച്ചവടം നടന്നിരുന്നെങ്കിലും അമിതലാഭത്തിന് ശ്രമിക്കാത്തതിനാൽ അന്നത്തെ ചെലവുകൾ കഷ്ടിച്ച് തള്ളിനീക്കുവാൻ മാത്രമെ ഈ കുടുംബത്തിന് കഴിഞ്ഞിരുന്നുള്ളൂ. എങ്കിലും തെല്ലും ആശങ്കകൾ ഇല്ലാതെ ഈ വയോധിക ദമ്പതികൾ ജീവിതം മുന്നോട്ട് നയിക്കുന്നു. കഴിഞ്ഞ 21 വർഷമായി ലഘുപ്രഭാത ഭക്ഷണങ്ങളിലാണ് ശ്രദ്ധ.

Advertisement
Advertisement