തിരുവല്ല റെയിൽവേ സ്റ്റേഷനിൽ 22 കോടിയുടെ പദ്ധതികൾ : എം.പി

Wednesday 01 March 2023 12:27 AM IST

പത്തനംതിട്ട : തിരുവല്ല റെയിൽവേ സ്റ്റേഷനിൽ 22 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ആന്റോ ആന്റണി എംപി. ഇതിൽ പത്തുകോടി രൂപ ഇക്കൊല്ലത്തെ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിലുൾപ്പെടുത്തിയാണ് വികസനം.
രണ്ടുതവണ ഉദ്യോഗസ്ഥതലസംഘം സന്ദർശനം നടത്തിയാണ് വികസന പദ്ധതികൾ തയാറാക്കിയത്. റോഡ് നിരപ്പിൽ നിന്ന് താഴ്ന്നു നിൽക്കുന്ന ഒന്നാം നമ്പർ പ്ലാറ്റ്‌ഫോം ഉയർത്തി പുതിയ ടെർമിനൽ നിർമ്മിക്കും. രണ്ട്, മൂന്ന് പ്ലാറ്റ് ഫോമുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും. റൂഫിംഗ് ജോലികൾ പൂർത്തീകരിച്ച് ശൗചാലയങ്ങളും കുടിവെള്ള ലഭ്യതയും ഉറപ്പാക്കും. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കും. റെയിൽവേ സ്റ്റേഷൻ റോഡ് 58 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്ന ജോലികളാണ് നടന്നുവരുന്നത്. അടുത്തയാഴ്ച ഇത് പൂർത്തീകരിക്കുമെന്നും എം.പി പറഞ്ഞു.

എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് ആവശ്യപ്പെട്ടു
തിരുവല്ലയിലൂടെ കടന്നു പോകുന്ന 42 ട്രെയിനുകളിൽ 37 എണ്ണത്തിനും നിലവിൽ സ്റ്റോപ്പുണ്ട്. അവശേഷിക്കുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് നൽകണമെന്നാവശ്യം ഉന്നയിച്ചിട്ടുണ്ട്. വടക്കോട്ടുള്ള യാത്രയിൽ മാത്രം സ്റ്റോപ്പുള്ള മംഗലാപുരം, അമൃത, രാജ്യറാണി എക്‌സ്പ്രസുകൾക്ക് അടിയന്തരമായി സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് കാലത്ത് നിറുത്തലാക്കിയ സ്റ്റോപ്പുകളാണിത്. രാത്രികാല ട്രെയിനുകളായ ഇവയെ ആശ്രയിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ്, ആർ.സി.സി എന്നിവിടങ്ങളിലേക്കു പോകുന്ന രോഗികളുൾപ്പെടെയുള്ളവരുണ്ട്. നിസാമുദ്ദീൻ, ദിബ്രുഗഡ് വിവേക്, യശ്വന്ത്പൂർ സൂപ്പർ ഫാസ്റ്റ്, ഹംസഫർ എക്‌സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ്പ് അടിയന്തരാവശ്യമാണ്.

ദേശീയപാത നിർമാണം തുടങ്ങി
ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയപാതയുടെ അടുത്തഘട്ടത്തിനുള്ള പണം അനുവദിച്ചതായും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതായും ആന്റോ ആന്റണി പറഞ്ഞു. കൈപ്പട്ടൂർ പത്തനംതിട്ട, മണ്ണാറക്കുളഞ്ഞി പ്ലാപ്പള്ളി ഭാഗങ്ങളിലാണ് ഈ ഘട്ടത്തിൽ നിർമ്മാണം നടത്തുക. ശബരി റെയിൽപാതയ്ക്ക് ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ളത് 100 കോടി രൂപയാണ്. അലൈൻമെന്റ് അംഗീകരിച്ചിട്ടുള്ള സാഹചര്യത്തിൽ സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങേണ്ടത് സംസ്ഥാന സർക്കാരാണ്.

മണ്ണാറമലയിലെ റേഡിയോ സ്റ്റേഷൻ പണി പൂർത്തിയായെന്നും കോന്നിയിലെ കേന്ദ്രീയ വിദ്യാലയം അടുത്ത അദ്ധ്യയനവർഷം പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ച് തുടങ്ങാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു.

Advertisement
Advertisement