കൊച്ചിയിലെ കുടിവെള്ള പ്രശ്നം ഗൗരവമുള്ളതെന്ന് ഹൈക്കോടതി

Wednesday 01 March 2023 1:27 AM IST

കൊച്ചി: കൊച്ചി നഗരത്തിലെ കുടിവെള്ള പ്രശ്നം ഗൗരവമുള്ള വിഷയമാണെന്ന് ഹൈക്കോടതി. ശുദ്ധജലക്ഷാമത്തെക്കുറിച്ച് ജനങ്ങൾക്ക് പരാതിയുണ്ടെന്നും വാട്ടർ അതോറിട്ടി​ അധികൃതർ ഇത് ഗൗരവത്തിലെടുക്കണമെന്നും ജസ്റ്റിസ് ഷാജി. പി. ചാലി പറഞ്ഞു. മരട് നഗരസഭയിലെ ജലക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് നെട്ടൂർ സ്വദേശി ഇ.എൻ. നന്ദകുമാർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചി​ന്റെ വാക്കാൽ പരമാർശം. മരട് നഗരസഭയിൽ ജലക്ഷാമം രൂക്ഷമാണെന്ന് ഹർജി പരിഗണിച്ചപ്പോൾ ഹർജിക്കാരൻ വ്യക്തമാക്കി. തുടർന്ന് ഇക്കാര്യത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള എതിർ കക്ഷികളോടു വിശദീകരണം തേടി ഹൈക്കോടതി ഹർജി മാർച്ച് രണ്ടിലേയ്ക്ക് മാറ്റി​.

മരട് നഗരസഭയിലെ ഒന്നു മുതൽ 33 വരെയുള്ള ഡിവിഷനുകളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് ഹർജിയിൽ പറയുന്നു. ഫെബ്രുവരി 18 മുതൽ ജലക്ഷാമം രൂക്ഷമാണെന്നു മാദ്ധ്യമങ്ങളി​ൽ വാർത്ത വരുന്നുണ്ട്. എന്നാൽ വാട്ടർ അതോറിറ്റിയുടെ മരട് ഡിവിഷനിലെ എക്സിക്യുട്ടീവ് എൻജിനി​യർ ജലക്ഷാമം പരിഹരിക്കാൻ നടപടിയെടുത്തില്ലെന്ന് ഹർജിയിൽ പറയുന്നു. ഈ മേഖലയിലെ ജനകീയ സമിതിയുടെ ചെയർമാനെന്ന നിലയിൽ ഹർജിക്കാരൻ ഫെബ്രുവരി 25 നു മരട് നഗരസഭാ സെക്രട്ടറിക്കും എറണാകുളം ജില്ലാ കളക്ടർക്കുമടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ ജലക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കാൻ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം.