ശബരിമലയിലെ സ്വർണ്ണം: സ്ട്രോംഗ് റൂമിലേക്ക് മാറ്റാതിരുന്നത് വൻ വീഴ്ച

Wednesday 01 March 2023 12:31 AM IST

പത്തനംതിട്ട : ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണ്ണവും വെളളിയും കൈകാര്യം ചെയ്യുന്നതിലും കൃത്യമായി സൂക്ഷിക്കുന്നതിലും ദേവസ്വം ഉദ്യോഗസ്ഥർക്ക് വൻവീഴ്ച. ലഭിക്കുന്ന സ്വർണ്ണം തിട്ടപ്പെടുത്തിയ ശേഷം ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റാതെ സന്നിധാനത്ത് തന്നെ സൂക്ഷിച്ചിരുന്ന വിവരം ദേവസ്വം വിജിലൻസും അറിഞ്ഞില്ല. തീർത്ഥാടന കാലത്തും മകരവിളക്ക് കാലയളവിലും കുംഭമാസ പൂജയ്ക്ക് നടതുറന്നപ്പോഴും ലഭിച്ച സ്വർണ്ണമാണ് സ്ട്രോംഗ് റൂമിലേക്ക് മാറ്റാതിരുന്നത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്റെ നിർദ്ദേശപ്രകാരം ദേവസ്വം തിരുവാഭരണ കമ്മിഷണർ ജി.ബൈജു ഇവ പരിശോധിക്കാൻ മഹസർബുക്ക് ഹാജരാക്കാൻ നിർദ്ദേശിച്ചു. തുടർന്നാണ് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.എസ്.ശാന്തകുമാർ, അസി.എക്സിക്യൂട്ടീവ് ഓഫീസർ എം.രവികുമാർ എന്നിവർ സ്വർണ്ണവുമായി ആറന്മുളയിലെ സ്ട്രോംഗ് റൂമിലെത്തിയത്. മഹസറും രസീതും പരിശോധിച്ച് സ്വർണ്ണം തൂക്കി നോക്കിയപ്പോൾ കുറവൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നടവരവായി ലഭിക്കുന്ന സ്വർണ്ണം രസീതിലും രജിസ്റ്ററിലും രേഖപ്പെടുത്തി മഹസർ എഴുതി കിഴികളിലാക്കി മുദ്രവച്ചാണ് സൂക്ഷിക്കുന്നത്. ഇത്തരത്തിലുളള 400 മുദ്രപ്പൊതികളാണ് സ്ട്രോംഗ് റൂമിലേക്ക് മാറ്റാതെ സന്നിധാനത്ത് സൂക്ഷിച്ചിരുന്നത്. കോടികൾ വിലവരുന്ന സ്വർണ്ണം ഇത്തരത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സന്നിധാത്ത് സൂക്ഷിച്ചത് ഉദ്യോഗസ്ഥരുടെ കടുത്ത വീഴ്ചയാണ്.

ഉദ്യോഗസ്ഥർ ശ്രദ്ധ പുലർത്തിയില്ല

ഭക്തർ കാണിക്കയായി കൊണ്ടുവരുന്ന സ്വർണ്ണവും വെള്ളിയും രസീത് എഴുതിയശേഷം തിരുനടയിൽ വയ്ക്കും. രസീത് എഴുതാത്തവർ ശബരിമലയിൽ ശ്രീകോവിലിന് മുന്നിലായി സോപനത്ത് പടികളിൽ വയ്ക്കിന്ന കാണിക്കക്കുടത്തിലാണ് സമർപ്പിക്കുന്നത്. കോടതിയുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ദർശനം നിറുത്തലാക്കിയതോടെ സോപനത്തെ കാണിക്ക വഞ്ചിയിലാണ് ഭക്തർ ഇപ്പോൾ സ്വർണ്ണം, വെളളി ഉരുപ്പടികൾ സമർപ്പിക്കുന്നത്.

നാണയങ്ങളുടെയും നോട്ടുകളുടെയുമൊപ്പം പഴയ ഭണ്ഡാരത്തിലെ കൺവയർ ബെൽറ്റിലേക്കാണ് ഇവവീഴുന്നത്. ഇവിടെവച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ജീവനക്കാർ സ്വർണ്ണവും വെളളിയും തരംതിരിച്ച് രേഖപ്പെടുത്തും. തീർത്ഥാടനത്തിന്റെ ആദ്യഘട്ടത്തിൽ ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്ഥർ വേണ്ടത്ര ശ്രദ്ധ പുലർത്തിയിരുന്നില്ല. ഇതുമൂലം ചില്ലറയ്ക്കൊപ്പം സ്വർണ്ണം, വെളളി ഉരുപ്പടികളും ഭണ്ഡാരത്തിൽ നാണയങ്ങൾക്കൊപ്പം കൂട്ടിയിട്ട നിലയിലായിരുന്നു. കേരളകൗമുദി വാർത്തയെ തുടർന്ന് നാണയമെണ്ണൽ ഊർജ്ജിതമാക്കിയപ്പോഴാണ് ഇവയും തരംതിരിച്ച് രേഖപ്പെടുത്തിയത്. തീർത്ഥാടനം കഴിഞ്ഞും കുംഭമാസ പൂജയ്ക്ക് മുൻപുമായി രണ്ടുഘട്ടമായിട്ടാണ് നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയത്. ഇതോടൊപ്പമാണ് സ്വർണ്ണവും വെളളിയും തൂക്കികിഴികളിലാക്കിയത്. ഇതാണ് സ്വർണ്ണം ശബരിമലയിൽ സൂക്ഷിക്കാൻ കാരണമായതെന്ന് കരുതുന്നത്. സ്വർണ്ണത്തിന്റെ കണക്കെടുപ്പ് പൂർത്തിയായെങ്കിലും വെള്ളിയുടെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.

Advertisement
Advertisement