സഭയിൽ പിണറായി-കുഴൽനാടൻ അങ്കം

Wednesday 01 March 2023 12:00 AM IST

തിരുവനന്തപുരം: ലൈഫ് പദ്ധതി കോഴയിടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ

പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ കോൺഗ്രസ് അംഗം മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണവും, അതിന് അതേ നാണയത്തിൽ മുഖ്യമന്ത്രി നടത്തിയ തിരിച്ചടിയും

നിയമസഭയിൽ ഇന്നലെ നേർക്കുനേർ അങ്കത്തിന്റെ പ്രതീതി സൃഷ്ടിച്ചു. മുഖ്യമന്ത്രിക്ക്

കവചം തീർത്ത് ഭരണപക്ഷം നടുത്തളത്തിനടുത്തെത്തി ആക്രോശിച്ചതോടെ, സഭാ

നടപടികൾ സ്തംഭിച്ചു.

ഇ.ഡി കോടതിയിൽ സമർപ്പിച്ച ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിനൊപ്പമുള്ള ശിവശങ്കർ- സ്വപ്ന വാട്സ്ആപ്പ് ചാറ്റിൽ മുഖ്യമന്ത്രിക്കെതിരേ ഗുരുതര ആരോപണമുണ്ടെന്ന് കുഴൽനാടൻ ആരോപണമുന്നയിച്ചതോടെയാണ് വാഗ്വാദം തുടങ്ങിയത്. യു.എ.ഇ കോൺസുലേറ്റുമായി റെഡ്ക്രസന്റിന് കരാറൊപ്പിടാൻ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങി നൽകണമെന്നാണ് ചാറ്റിലെ ആവശ്യമെന്ന് കുഴൽനാടൻ ആരോപിച്ചു. പച്ചക്കള്ളമാണെന്ന് തിരിച്ചടിച്ച മുഖ്യമന്ത്രി, കുൽനാടൻ ഓരോ ആരോപണമുന്നയിച്ചപ്പോഴും പ്രതികരണവുമായി ക്ഷുഭിതനായി എഴുന്നേറ്റു.

ചൂടേറിയ

വാഗ്വാദം

കുഴൽനാടൻ:- വടക്കാഞ്ചേരി പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അനുമതി തേടി, ശിവശങ്കർ, സ്വപ്ന, കോൺസുൽ ജനറൽ എന്നിവർ ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നാണ് ഇ.ഡി രേഖയിലുള്ളത്. പദ്ധതിക്കായി അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കർ സ്വപ്നയോട് പറയുന്നത്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം. നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?

പിണറായി:-(ക്ഷോഭിച്ച് എഴുന്നേറ്റ്) പച്ചക്കള്ളമാണ് ഇവിടെ പറയുന്നത്. എന്നെ കണ്ടിട്ടില്ല. ഇത്തരം ഒരു ചർച്ചയും നടത്തിയിട്ടില്ല. എന്തും വിളിച്ചു പറയാമെന്നോണോ കരുതുന്നത്.

കുഴൽനാടൻ:- ഞാൻ എഴുതിയ തിരക്കഥയല്ല. ഇ.ഡി കോടതിയിൽ കൊടുത്തതാണ്. അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ, പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ എന്നിവർ മുഖ്യമന്ത്രിയുടെ ഇടത്തും വലത്തുമായി നിന്നവരാണ്. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കിൽ ആരോപണം നീക്കാൻ മുഖ്യമന്ത്രി കോടതിയെ സമീപിക്കുമോ?

പിണറായി:-ഇക്കാര്യത്തിൽ നിങ്ങളുടെ ഉപദേശം ആവശ്യമില്ല. എനിക്ക് സർക്കാരിന്റെ എല്ലാ സംവിധാനവുമുണ്ട്. ഇ.ഡിയുടെ വക്കീലാവാൻ നിങ്ങൾ ശ്രമിക്കേണ്ട. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ കഴിയില്ല.

(ഇതോടെ ഭരണകക്ഷിയംഗങ്ങൾ കുഴൽനാടനു നേർക്ക് കൈചൂണ്ടി ഇരിക്കാൻ ആക്രോശിച്ചു)

കുഴൽനാടൻ:- ശിവശങ്കറിന്റെ വാട്സ്ആപ്പ് ചാറ്റിലാണ് മുഖ്യമന്ത്രിയുടെ പേര് പറയുന്നത്. സ്വപ്നയ്ക്ക് ജോലി ശരിയാക്കി കൊടുത്തതിൽ മുഖ്യമന്ത്രിയെ കണ്ട് നന്ദിയറിയിച്ചതായും ചാറ്റിലുണ്ട്. സ്വപ്നയുടെ ജോലിയുമായി ബന്ധപ്പെട്ട് ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ടോ?

പിണറായി:-ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ല. എന്തും വിളിച്ചുപറയാമെന്ന് കരുതുന്ന വേദിയാണെന്ന് കരുതരുത്. സർക്കാരിന് സ്വപ്നയുടെ നിയമനത്തെക്കുറിച്ചറിയില്ല. കാര്യങ്ങളറിയാതെയാണ് കുഴൽനാടൻ സംസാരിക്കുന്നത്.

കുഴൽനാടൻ:-ഫ്ലാറ്റ് നിർമ്മാണത്തിന് കരാർ നൽകുന്നതിനടക്കം സർക്കാർ പ്രതിനിധികളുൾപ്പെട്ട ശൃംഖലയുണ്ട്. ഇത് മൊഴികളിലുള്ളതാണ്. എന്തും വിളിച്ചുപറയുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ്, റിമാൻ‌ഡ് റിപ്പോർട്ടിലെ കാര്യങ്ങൾ പറഞ്ഞത്. മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തി ആസൂത്രിത അഴിമതിയും കൊള്ളയുമാണ് നടത്തുന്നത്. എന്തുകൊണ്ട് ചോദ്യങ്ങൾക്ക് മറുപടിയില്ല?

പിണറായി:- പ്രമേയത്തിൽ വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാജോക്തികളോ ആരോപണങ്ങളോ അപകീർത്തിപരമായ പ്രസ്താവനകളോ ഉണ്ടായിരിക്കാൻ പാടില്ല. ഇപ്പോൾ അദ്ദേഹം പറഞ്ഞ വ്യാജോക്തികൾ, ആരോപണങ്ങൾ, അപകീർത്തികരമായ പ്രസ്താവനകൾ എല്ലാം അങ്ങും (സ്പീക്കർ) കേൾക്കുന്നുണ്ടാകുമല്ലോ.വ്യക്തികളുടെ ഔദ്യോഗിക നിലയിലോ പൊതുകാര്യ നിലയിലോ അല്ലാതെയുള്ള അവരുടെ സ്വഭാവത്തെയോ നടപടിയെയോ കുറിച്ചും പരാമർശിക്കാൻ പാടില്ല. ഇതെല്ലാം ഇവിടെ വ്യക്തമായി രേഖപ്പെടുത്തി വച്ചിട്ടുള്ളതാണ്. അതിനെല്ലാം വിരുദ്ധമായി എന്തും പറയാൻ തനിക്ക് അവകാശമുണ്ടെന്ന മട്ടിലാണ് അദ്ദേഹം വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങത് കേൾക്കുന്നുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.

കുഴൽനാടൻ:- ജനം ആഗ്രഹിക്കുന്നത് പറയാനായാണ് അവരെന്നെ ഇവിടേക്ക് അയച്ചത്. അല്ലാതെ നിങ്ങളുടെ അനുമതി വാങ്ങി നിങ്ങൾക്കു വേണ്ടതു പറയാനല്ല. കേരളത്തിലെ സാമാന്യ ജനത്തിനു പറയാനുള്ളത് ഇവരുടെ മുഖത്തു നോക്കി പറയാനാണ് ജനങ്ങൾ എന്നെ തിരഞ്ഞെടുത്തത്. അല്ലാതെ ഞാൻ എന്ത് വ്യാജോക്തിയാണ് പറഞ്ഞത്, എന്തു ദുരാരോപണമാണ് പറഞ്ഞത്? ഞാൻ പറഞ്ഞതിനെ നിഷേധിക്കണമെങ്കിൽ അങ്ങ് (മുഖ്യമന്ത്രി) കോടതിയെ സമീപിക്കണം. അതിന് എന്റെ അഭിപ്രായം മേടിക്കേണ്ടതില്ല

പിണറായി:-ഒരംഗം ഇവിടെ പറയുന്ന കാര്യത്തിന് താൻ എന്തിനു കോടതിയിൽ പോകണം. അദ്ദേഹത്തിന്റെ നേരെ നോക്കിത്തന്നെയാണ് ഞാൻ ഇതു പറയുന്നത്. ആ കാര്യങ്ങൾ ഇവിടെ പറയാൻ എനിക്ക് ആർജവമുണ്ട്. അത് പറയുക തന്നെ ചെയ്യും. അദ്ദേഹം എന്താണ് ഈ പറഞ്ഞുകൊണ്ടിരിക്കുന്നത്?

കുഴൽനാടൻ:-ഈ കാര്യങ്ങൾ പറയാനുള്ള ആർജവം എനിക്കുമുണ്ട്. ഞാനത് ഇവിടെത്തന്നെ പറയും. അങ്ങേയ്ക്കു മാത്രമാണ് ആർജവമുള്ളതെന്ന് ധരിക്കരുത്. പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേ പോകൂ.

(ഇതോടെ കുഴൽനാടന്റെ മൈക്ക് സ്പീക്കർ ഓഫാക്കി)

Advertisement
Advertisement