ഏഹ്സാൻ ജഫ്രിയെ അനുസ്മരിച്ച്   മുഖ്യമന്ത്രി

Wednesday 01 March 2023 12:00 AM IST

തിരുവനന്തപുരം: അഹമ്മദാബാദിൽ കലാപകാരികളുടെ ആക്രമണത്തിൽ 2002-ൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി ഏഹ്സാൻ ജഫ്രിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മുൻ കോൺഗ്രസ് എം.പി ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയിൽ ആ ജീവൻ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു. 2002 ഫെബ്രുവരി 28ന് സംഘപരിവാർ കലാപകാരികൾ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ചപ്പോൾ ഏഹ്സാൻ ജഫ്രിയുടെ വീട്ടിലേക്കാണ് കോളനി നിവാസികൾ അഭയം തേടിയെത്തിയത്. പ്രാണരക്ഷാർത്ഥം തന്റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാൻ ഭരണകൂടം തയ്യാറായില്ല. തുടർന്ന് സംഘപരിവാർ നടത്തിയ തീവെപ്പിൽ ജഫ്രിയുൾപ്പെടെ 69പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തുമരിക്കുകയായിരുന്നു.വംശഹത്യാക്കാലത്ത് ഗുജറാത്തിൽ അങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്. ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നിയമപോരാട്ടം തുടങ്ങിയിട്ട് ഇരുപതുവർഷം കഴിഞ്ഞിട്ടും സാകിയയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ലെന്നാണ് പോസ്റ്രിലൂടെ മുഖ്യമന്ത്രി കുറിച്ചത്.