കൺസഷൻ നിയന്ത്രണം 10 വർഷമായുള്ള ആവശ്യം

Wednesday 01 March 2023 3:00 AM IST

തിരുവനന്തപുരം: വിദ്യാർത്ഥി കൺസഷൻ നിയന്ത്രിക്കണമെന്നത് കെ.എസ്.ആർ.ടി.സിയുടെ പത്തുവ‌ർഷമായുള്ള ആവശ്യമായിരുന്നു. 2013 മുതൽ ഉന്നയിച്ച ആവശ്യത്തിന് ഇപ്പോൾ സർക്കാർ പച്ചക്കൊടി കാട്ടിയെന്നു മാത്രം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു മാത്രം സൗജന്യയാത്ര മതിയെന്ന നിർദേശം 2021 ഡിസംബർ 14ന് മന്ത്രി ആന്റണി രാജുവും നിരക്ക് വർദ്ധന കമ്മിഷൻ ജസ്റ്റിസ് രാമചന്ദ്രനും തമ്മിൽ ചർച്ചയിൽ ഉയർന്നതുമാണ്.

2016ൽ യു.ഡി.എഫ് സർക്കാരിന്റ അവസാന കാലത്ത് കൈയടി നേടാൻ ഗതാഗതമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്. ഇത് കെ.എസ്.ആ‌ർ.ടി.സിക്ക് വർഷം 130 കോടിയുടെ ബാദ്ധ്യതയാണുണ്ടാക്കിയത്. മാത്രമല്ല,​ സൗജന്യയാത്രക്കാർ കെ.എസ്.ആർ.ടി.സിയിലും അല്ലാത്തവർ സ്വകാര്യബസുകളിലും യാത്ര ചെയ്തു.

വിദ്യാർത്ഥികളുടെ സൗജന്യയാത്ര ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും സൗജന്യം കണക്കാക്കിയാൽ മാസം 28.5 കോടി രൂപ ബാദ്ധ്യതയുണ്ടെന്നാണ് കെ. എസ്. ആർ.ടി. സി സർക്കാരിനെ അറിയിച്ചിട്ടുള്ളത്. അതായത് വർഷം 342 കോടി രൂപ. ഈ അധിക ബാദ്ധ്യത നികത്താൻ സർക്കാർ സഹായമൊന്നും ഇതുവരെ ലഭിച്ചില്ല.

അതേസമയം, കെ.എസ്.ആർ.ടി.സി തീരുമാനത്തിനെതിരെ ഇന്നലെ സംസ്ഥാന വ്യാപകമായി കെ. എസ്.യു പ്രതിഷേധിച്ചു. കിഴക്കേ കോട്ടയിലെ ചീഫ് ഓഫീസ് ഉപരോധിച്ചവരെയും കൊല്ലം ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസിലേക്ക് തള്ളിക്കയറിയവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട്ട് കെ.എസ്.ആർ.ടി.സി ടെർമിനിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ മന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ചു.

ഇളവ് നിർത്തണമെന്ന്

സ്വകാര്യ ബസുടമകൾ

വിദ്യാർത്ഥികളുടെ ഇളവ് നിർത്തണമെന്നും നിരക്ക് വർദ്ധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു. ഇപ്പോൾ മിനിമം (രണ്ട് ഫെയർ സ്റ്റേജിന്) രണ്ടു രൂപയാണ് വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. അത് അഞ്ചാക്കണമെന്നും മറ്റ് ഫെയർസ്റ്റേജുകളിൽ സാധാരണ നിരക്കിന്റെ 50% ഈടാക്കണമെന്നുമാണ് ആവശ്യം.

ഇക്കാര്യം പരിഗണിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ ബസുകൾ നിർത്തിയിട്ട് പ്രതിഷേധിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു.

അയൽപക്കത്ത് ഇങ്ങനെ

1 തമിഴ്നാട്ടിൽ 1 മുതൽ 12 ക്ലാസു വരെയും ഗവ.ഐ.ടി.ഐ, കോളേജ്, പോളിടെക്‌നിക് വിദ്യാർത്ഥികൾക്കും സൗജന്യയാത്ര. മറ്റുള്ളവർ നിശ്ചിത നിരക്ക് നൽകണം

2 കർണ്ണാടകത്തിൽ പ്രൈമറി വിദ്യാർത്ഥികൾക്കും എല്ലാ ക്ലാസുകളിലേയും എസ്.ടി,​ എസ്.സി വിദ്യാർത്ഥികൾക്കും സൗജന്യം. മറ്റുള്ളവർ നിശ്ചിത നിരക്ക് നൽകണം

'' അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും കൺസഷൻ അനുവദിക്കും. പ്രായപരിധി മാറ്റാനാണ് കെ.എസ്.ആർ.ടി.സി ഉദ്ദേശിക്കുന്നത്. അടുത്ത വർഷം മുതൽ കൺസഷൻ ഓൺലൈനാക്കും. ജോലിക്കാരും റിട്ടയർ ചെയ്തവർ പോലും കൺസഷന് അപേക്ഷിക്കുന്നത് വ്യാപകമായതോടെയാണ് പരിഷ്‌കാര നീക്കം.''

- ആന്റണി രാജു, ഗതഗാതമന്ത്രി

Advertisement
Advertisement