ഫെബ്രുവരിയിലെ റേഷൻ മാർച്ച് നാലുവരെ; കടകളുടെ സമയം പുനഃക്രമീകരിച്ചു

Wednesday 01 March 2023 1:01 AM IST

രാവിലെ 8- ഉച്ചയ്ക്ക് 12

വൈകിട്ട് 4- 7വരെ

തിരുവനന്തപുരം: സർവർ തകരാറിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇപോസ് മെഷിന്റെ പ്രവർത്തനം താറുമാറായത് കണക്കിലെടുത്ത് ഫെബ്രുവരിയിലെ റേഷൻ വിതരണം നീട്ടി. കാർഡുടമകൾക്ക് മാർച്ച് നാലുവരെ റേഷൻ വാങ്ങാം. ഇന്നലെയും റേഷൻകടകളിൽ വൻ ജനതിരക്കാണുണ്ടായത്. റേഷനും മണ്ണെണ്ണയ്ക്കും രണ്ട് ബില്ലിംഗ് ആയതിനാൽ ഒരു ഇടപാട് പൂർത്തിയാക്കുന്നതിനായി 20 മിനിട്ടോളമെടുത്തു. ഉച്ചക്ക് 12ന് അടയ്‌ക്കേണ്ട കടകൾ പലതും 2.30ന് ശേഷമാണ് അടച്ചത്.

ഇന്ന് മുതൽ ഷിഫ്റ്റ് സംമ്പ്രദായം അവസാനിപ്പിച്ച് എല്ലാ റേഷൻ കടകളുടെയും സമയം രാവിലെ 8മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4മുതൽ 7വരെയുമായി പുനഃക്രമീകരിച്ചിട്ടുണ്ട്. ഷിഫ്റ്റ് സമ്പ്രദായം പൊതുജനങ്ങൾക്ക് റേഷൻ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടതും സംസ്ഥാനത്ത് വേനലിന്റെ കാഠിന്യമേറുന്ന പശ്ചാത്തലത്തിലുമാണ് കടകളുടെ പ്രവർത്തനം പുനഃക്രമീകരിക്കുന്നതെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.