സാങ്കേതിക വി.സി സിസാ തോമസിന്റെ ജോ.ഡയറക്ടർ സ്ഥാനം തെറിപ്പിച്ചു

Wednesday 01 March 2023 1:03 AM IST

സുപ്രീംകോടതി പുറത്താക്കിയ ഡോ.രാജശ്രീ ജോ.ഡയറക്ടർ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ:സിസാ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് സർക്കാർ മാറ്റി. പുതിയ നിയമനം നൽകിയിട്ടില്ല.

നിയമനത്തിൽ ക്രമക്കേട് കണ്ടെത്തി സാങ്കേതിക സർവകലാശാലാ വി.സി സ്ഥാനത്തു നിന്ന് സുപ്രീംകോടതി പുറത്താക്കിയ ഡോ.എം.എസ്. രാജശ്രീയെ സീനിയർ ജോയിന്റ് ഡയറക്ടർ പദവിയിൽ നിയമിച്ചു. ഇരുവർക്കും മാർച്ച് 31വരെയേ കാലാവധിയുള്ളൂ. പദവി നഷ്ടമായെങ്കിലും സിസാ തോമസിന് വി.സി പദവിയിൽ തുടരാം.

സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെയാണ് സിസാതോമസിനെ ഗവർണർ സാങ്കേതിക വി.സിയാക്കിയത്. സർക്കാർ നൽകിയ രണ്ടു പേരുകൾ നിരസിച്ചായിരുന്നു ഇത്. സിൻഡിക്കേറ്റുമായി പോരടിച്ചാണ് സിസാതോമസ് വി.സി ചുമതലയിൽ തുടരുന്നത്. സിസയെ നിരീക്ഷിക്കാൻ സിൻഡിക്കേറ്റ് ഉപസമിതി രൂപീകരിച്ച തീരുമാനം കഴിഞ്ഞദിവസം ഗവർണർ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിസയെ വകുപ്പിലെ സുപ്രധാന ചുമതലയിൽ നിന്നൊഴിവാക്കിയത്.

സിസാതോമസിനെ തിരുവനന്തപുരത്തിന് പുറത്തേക്കാണ് നിയമിക്കുന്നതെങ്കിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടാവാം. നിയമനം നൽകിയില്ലെങ്കിൽ ശമ്പളത്തിനടക്കം പ്രശ്നമുണ്ടാവാം. തിരുവനന്തപുരത്തെ ബാർട്ടൺഹിൽ, സി.ഇ.ടി കോളേജുകളിൽ പ്രിൻസിപ്പൽ ഒഴിവുണ്ടായിരിക്കെയാണ് രാജശ്രീയെ ജോ.ഡയറക്ടർ സ്ഥാനത്ത് നിയമിച്ചത്. സിസയെ അയോഗ്യയാക്കണമെന്ന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സിസയ്ക്ക് വി.സിയായി തുടരാൻ എല്ലാ യോഗ്യതയുമുണ്ടെന്നാണ് ഉത്തരവ്.

Advertisement
Advertisement