സിസോദിയയുടെ ജാമ്യഹർജി സ്വീകരിക്കാതെ സുപ്രീംകോടതി; ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം
ന്യൂ ഡൽഹി : മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജാമ്യം തേടി സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. സിസോദിയക്കെതിരെയുളളത് അഴിമതിക്കേസാണെന്നും സുപ്രീംകോടതിക്ക് നേരിട്ട് ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ്. നരസിംഹയും അടങ്ങിയ ബെഞ്ച് നിലപാടെടുത്തു. എല്ലാ കേസിലും നേരിട്ട് ഇടപെടാൻ തുടങ്ങിയാൽ എന്താകുമെന്ന് ആരാഞ്ഞ സുപ്രീംകോടതി, സിസോദിയ ഡൽഹി ഹൈക്കോടതിയെ സമീപിക്കാത്തതിനെ ചോദ്യം ചെയ്‌തു. ഇതോടെ മനീഷ് സിസോദിയക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ഹർജി പിൻവലിച്ചു.
എഫ്.ഐ.ആർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിസോദിയയുടെ കസ്‌റ്രഡി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അഡ്വ. അഭിഷേക് സിംഗ്‌വി സുപ്രീംകോടതിയെ അറിയിച്ചു. സിസോദിയ രാജ്യം വിടുന്ന പ്രശ്‌നമുദിക്കുന്നില്ല, സി.ബി.ഐയുടെ എല്ലാ സമൻസിലും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും പറഞ്ഞപ്പോൾ, ഈ വാദമുഖങ്ങളെല്ലാം ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പറയാത്തതെന്തെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. വിഷയം പരിഗണിക്കേണ്ട ഹൈക്കോടതി ജഡ്‌ജി മറ്റ് ജോലിതിരക്കുകളിലാണെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ശനിയാഴ്‌ച വരെയാണ് ഡൽഹി റോസ് അവന്യു കോടതി സിസോദിയയുടെ കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന്റെ വീഡിയോ ചിത്രീകരിക്കണമെന്നും കോടതി നിർദ്ദേശമുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതിലേക്കും അറസ്റ്റുകളിലേക്കും സി.ബി.ഐ കടക്കുമെന്നാണ് സൂചന. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും ബി.ആർ.എസ്. നേതാവുമായ കെ. കവിതയെ കഴിഞ്ഞ ഡിസംബറിൽ സി.ബി.ഐ. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു.
അതിനിടെ, ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ അഞ്ച് പ്രതികൾക്ക് അനുവദിച്ചിരുന്ന ഇടക്കാല ജാമ്യം സ്ഥിരജാമ്യമാക്കി മാറ്റി റോസ് അവന്യു കോടതി ഉത്തരവിട്ടു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരായ കുൽദീപ് സിംഗ്, നരേന്ദർ സിംഗ്, വ്യവസായികളായ സമീർ മഹേന്ദ്രു, ഗൗതം മൂത്ത, അരുൺ പിളള എന്നിവർക്കാണ് സ്ഥിരജാമ്യം നൽകിയത്.