ശിവശങ്കറിന്റെ ജാമ്യം: നാളെ വിധി

Wednesday 01 March 2023 2:08 AM IST

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർചെയ്ത കേസിൽ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി മാർച്ച് രണ്ടിനു വിധി പറയും. ലൈഫ് മിഷൻ പദ്ധതി നടപ്പാക്കാൻ യു.എ.ഇ റെഡ് ക്രസന്റ് നൽകിയ തുകയിൽ നിന്ന് കോഴ കൈപ്പറ്റിയെന്ന കേസിലാണ് ശിവശങ്കറിനെ ഫെബ്രുവരി 14ന് ഇ.ഡി അറസ്റ്റ് ചെയ്തത്.

അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ഇ.ഡി ജാമ്യാപേക്ഷയെ എതിർത്തു. 4.5 കോടി രൂപയുടെ ക്രമക്കേടു നടന്ന കേസാണിതെന്നും ഒരു കോടി രൂപ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞതെന്നും ഇ.ഡി വിശദീകരിച്ചു.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്.