ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

Wednesday 01 March 2023 2:09 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഇതു ലഭ്യമാക്കാൻ

സർക്കാർ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചു.

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരുന്നാൽ

സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിക്കും. 80ശതമാനത്തോളം പേർ ഹെൽത്ത് കാർഡ് എടുത്തതായാണ് വകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കേണ്ടതാണ്. രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം.

ശരീര പരിശോധനയും രക്ത പരിശോധനയും അടക്കം നടത്തി

രോഗങ്ങൾ ഇല്ലെന്നും വാക്സിനുകൾ എടുത്തിട്ടുണ്ടെന്നും ബോധ്യം വന്നശേഷം ഒപ്പും സീലും പതിച്ച് ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റാണ് കൈവശം വയ്ക്കേണ്ടത്. ഒരു വർഷമാണ് കാലാവധി.