സോളാർ വച്ചവർക്ക്  കെ.എസ്.ഇ.ബി കെണി; വാങ്ങുന്ന ​വൈ​ദ്യു​തി​ക്ക് ​വി​ല കുത്തനെ കുറച്ചു​

Wednesday 01 March 2023 4:13 AM IST

തിരുവനന്തപുരം: പുറത്തുനിന്ന് വൻ വില കൊടുത്തു വൈദ്യുതി വാങ്ങുന്ന കെ.എസ്. ഇ.ബി,​ സംസ്ഥാനത്തെ ജനങ്ങൾ സോളാർ പാനലുകൾ സ്ഥാപിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നൽകുന്ന വില വെട്ടിക്കുറച്ചു. യൂണിറ്റിന് 3.22രൂപ നൽകിയിരുന്നത് 2.69രൂപയാക്കി.

നാട്ടിൽ സോളാർ വ്യാപകമായാൽ അമിത വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുടെ തോത് ക്രമേണ കുറച്ചുകൊണ്ടുവരാനാവും. ആ വഴിയാണ് കെ.എസ്.ഇ.ബി തന്നെ അടയ്ക്കുന്നത്.

കേരളത്തിന് വൈദ്യുതി വിൽക്കുന്ന വൻകിട കമ്പനികൾക്കായിരിക്കും അതിന്റെ ഗുണം.

കഴിഞ്ഞ സെപ്തംബറിൽ കെ.എസ്.ഇ.ബി നൽകിയ അപേക്ഷ പരിഗണിച്ചാണ് റെഗുലേററ്റി കമ്മിഷൻ മിച്ച സോളാർ വൈദ്യുതിയുടെ വില കുത്തനെ കുറച്ചത്.

3.22രൂപയ്ക്ക് സോളാർ വൈദ്യുതി ജനങ്ങളിൽ നിന്ന് വാങ്ങുമ്പോൾ വൻ നഷ്ടമാണ് നേരിടുന്നതെന്നാണ് കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിലുള്ളത്. ശരാശരി വില 1.53രൂപയേ ഉള്ളുവെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.ഇത് കണക്കിലെടുത്താണ് റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം.

ജലവൈദ്യുതി ഉത്പാദനം കൂടിയതിനാൽ മൊത്തത്തിലുള്ള ഉത്പാദനച്ചെലവിലുണ്ടായ ആനുപാതികമായ കുറവു പരിഗണിച്ചാണ് കുറഞ്ഞ വില നിശ്ചയിച്ചതെന്നാണ് കെ.എസ്. ഇ.ബി വാദം.

പകൽ ഉത്പാദിപ്പിക്കുന്ന സൗരോർജ വൈദ്യുതി കെ. എസ്. ഇ.ബിയുടെ ഗ്രിഡിലേക്കു നൽകുകയും പകരം എല്ലായിപ്പോഴും കെ. എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിക്കുകയുമാണു സൗരോർജ വൈദ്യുതി ഉത്പാദകർ സാധാരണ ചെയ്യുന്നത്.

​പു​റ​ത്തു​നി​ന്നു​ വാ​ങ്ങാ​ൻ​ 12​ ​രൂ​പ​

1. പ്രതിദിന നിരക്ക് പ്രകാരം ഒരു യൂണിറ്റിന് 12 രൂപ നൽകിയാണ് സംസ്ഥാനത്തിനു പുറത്തുള്ള സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുന്നത്. വേനൽ കടുക്കുന്നതോടെ, വില വീണ്ടും ഉയരും. യൂണിറ്റിന് 40 രൂപ വരെ നൽകാൻ കേന്ദ്രത്തിന്റെ അനുമതിയുണ്ട്.

2. ദീർഘകാല കരാർ പ്രകാരം പുറത്തുനിന്ന് ശരാശരി 4.50രൂപയ്ക്കാണ് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങുന്നത്. വിൽക്കുന്നത് ശരാശരി 6.10രൂപയ്ക്കാണ്.

8532 കോടി രൂപ:

ഒരു വർഷം വൈദ്യുതി

വാങ്ങാൻ ചെലവഴിക്കുന്നത്

# സോളാർ ലക്ഷ്യമിട്ടത്

319 മെഗാവാട്ട്

88384

വീടുകളിലും

സ്ഥാപനങ്ങളിലും

സോളാർ പദ്ധതി

22079:

വീടുകളിൽ

ഉത്പാദനം തുടങ്ങി

96.24മെഗാവാട്ട്:

നിലവിലെ ഉത്പാദനം

42000രൂപ:

ഒരുകിലോവാട്ട്

ഉത്പാദിപ്പിക്കാൻ

വേണ്ടിവരുന്ന തുക

# ജനങ്ങളെ ആകർഷിച്ചത്

1. സ്വന്തം ഉപഭോഗത്തിന് പണം നൽകേണ്ടതില്ല

2. മിച്ചം വൈദ്യുതിക്ക് വില കിട്ടും

3. ആദ്യത്തെ മുതൽമുടക്ക് മതി. അദ്ധ്വാനം ഇല്ല