ചൂട് കൂടും, വേനൽ നേരത്തേ : ജാഗ്രത !
Wednesday 01 March 2023 4:27 AM IST
ന്യൂഡൽഹി: അടുത്ത ദിവസങ്ങളിൽ താപനില വർദ്ധിക്കുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വടക്കു പടിഞ്ഞാറൻ, മദ്ധ്യ, പടിഞ്ഞാറൻ മേഖലകളിൽ പകൽ ഉയർന്ന ചൂട് തുടരുന്നതിനാൽ വേനൽക്കാലം നേരത്തേ ആരംഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
ചൂടിനൊപ്പം ഉണ്ടാകുന്ന രോഗങ്ങൾ പ്രതിരോധിക്കാൻ ജില്ലകളിൽ ബോധവത്‌ക്കരണം നടത്തണമെന്നും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് തയ്യാറെടുക്കണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തിൽ നിർദ്ദേശിച്ചു.
മരുന്നുകൾ, കുത്തിവയ്‌പിനുള്ള ഫ്ലൂയിഡുകൾ, ഐസ് പായ്ക്കുകൾ, ഒ.ആർഎസ്, ഉപകരണങ്ങൾ, എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കുടിവെള്ളം, പ്രവർത്തിക്കുന്ന ശീതീകരണ ഉപകരണങ്ങൾ, വൈദ്യുതി എന്നിവ ഉറപ്പാക്കണം.