80 കശുവണ്ടി ഒരു കിലോ!

Wednesday 01 March 2023 4:33 AM IST

 ഏക്കറിൽ മൂന്ന് ലക്ഷം വരുമാനം

കണ്ണൂർ:ജിജു ഗ്രാഫ്റ്റ് ചെയ്‌ത് വികസിപ്പിച്ച കാഷ്യൂ കിംഗ്, കശുമാവിന്റെ രാജാവ് തന്നെ. 80 കശുവണ്ടി ഒരു കിലോ. ഒരു ഏക്കറിൽ മൂന്ന് ലക്ഷം രൂപ വരുമാനം. രണ്ടാം വർഷം വിളവെടുക്കാം. ഗുണമേന്മയും മികച്ച വിളവും. വളവും മറ്റ് ശുശ്രൂഷകളും വേണ്ട. പ്രതികൂല കാലാവസ്ഥയിലും നൂറുമേനി. ദക്ഷിണാഫ്രിക്കയിലെ മലയാളികളുടെ കൃഷിയിടത്തിലേക്കും ചേക്കേറുകയാണ് ഈ അപൂർവ്വ കശുമാവ്.

കൃഷി പലതും പരാജയപ്പെട്ട് നഷ്‌ടത്തിലായപ്പോഴാണ് കേളകം അടയ്‌ക്കാത്തോട്ടിലെ ജിജു പടിയക്കണ്ടത്തിൽ കശുമാവിലേക്ക് തിരിഞ്ഞത്. ഇരുപത് കൊല്ലം മുമ്പാണത്. കൊട്ടിയൂർ ചപ്പമലയിലെ തോട്ടത്തിൽ മാതൃ കശുമാവിനെ കണ്ടെത്തി. നാടൻ ഇനം. അതും വീട്ടുവളപ്പിലെ മറ്റൊരു നാടൻ ഇനവുമായി സ്വന്തം നഴ്‌സറിയിൽ ഗ്രാഫ്റ്റ് ചെയ്തു. സ്വന്തം കൃഷിയിടത്തിൽ നട്ടു വളർത്തി. പത്ത് വർഷത്തോളം അതിൽ പരീക്ഷണങ്ങൾ നടത്തി.വിളഞ്ഞപ്പോൾ പേര് എന്ത് ഇടണമെന്നായി. കശുമാവുകളുടെ രാജാവ് തന്നെ ആകട്ടെ...കാഷ്യൂ കിംഗ് !.

അതോടെ ജിജുവിന്റെ സ്വപ്നങ്ങൾ പൂത്തുലഞ്ഞു. ഇപ്പോൾ കാഷ്യു കിംഗിനെ തേടി, നാട്ടിലും മറുനാട്ടിലും നിന്ന് നിരവധി പേരാണ് എത്തുന്നത്. ദക്ഷിണാഫ്രിക്കയിൽ വരെ പ്രശസ്‌തി.

മറ്റിനം കശുമാവുകൾ കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറയുകയും, കരിഞ്ഞുണങ്ങുകയും ചെയ്യുമ്പോൾ കാഷ്യൂ കിംഗ് കർഷകർക്ക് വരദാനമാകുന്നു. ജിജുവിന്റെ തോട്ടത്തിൽ കാഷ്യു കിംഗ് നിറയെ കായ്ച്ച് നിൽക്കുന്നു. ഇപ്പോൾ വിളവെടുപ്പ് കാലമാണ്.

ജിജുവിന് കൃഷിയുടെ വലിയ അനുഭവസമ്പത്തുണ്ട്. കർണാടകത്തിൽ വിവിധ പഴവർഗ്ഗങ്ങളും മഹാരാഷ്‌ട്രയിൽ പൈനാപ്പിളും വിപുലമായി കൃഷി ചെയ്യുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലും കാഷ്യൂ കിംഗിന് ഡിമാൻഡ് ഏറുകയാണ്. രണ്ടര പതിറ്റാണ്ടായി കാർഷിക തൈകൾക്കായുള്ള നഴ്‌സറി നടത്തുന്ന ജിജു, മിസ്റ്റ് ഡ്രിപ്പ് ഇറിഗേഷൻ വിദഗ്ദ്ധനുമാണ്.

കള പറിക്കലും വളമിടലും മരുന്നടിയും ഒന്നുമില്ലാതെ എളുപ്പം വരുമാനമുണ്ടാക്കാവുന്ന കൃഷിയാണിത്.

ജിജു പടിയക്കണ്ടത്തിൽ, കശുമാവ് കർഷകൻ, കേളകം

Advertisement
Advertisement