അടച്ചാക്ഷേപിച്ച് ഗവേഷകരുടെ മനോവീര്യം തകർക്കരുത്: ആർ.ബിന്ദു

Wednesday 01 March 2023 12:47 AM IST

തിരുവനന്തപുരം: ഗവേഷണ പ്രബന്ധങ്ങളിൽ ഭൂരിഭാഗവും ഉന്നത നിലവാരമുള്ളതാണെന്നും അടച്ചാക്ഷേപിച്ച് ഗവേഷകരുടെ മനോവീര്യം തകർക്കരുതെന്നും മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. ഗവേഷണത്തിന്റെ പുരോഗതി ആറുമാസത്തിലൊരിക്കൽ ഗവേഷണ ഉപദേശക സമിതി വിലയിരുത്തുന്നുണ്ട്.

പ്ലേജറിസം (കോപ്പയിടി) പരിശോധനാ സർട്ടിഫിക്കറ്റിനൊപ്പമാണ് പ്രബന്ധങ്ങൾ വാഴ്സിറ്റികളിൽ സമർപ്പിക്കുന്നത്. ഇതിനായി വിവിധ സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിക്കുന്നു. മലയാളം,ഹിന്ദി,സംസ്കൃതം,സിറിയക് ഭാഷകളിൽ പ്ലേജറിസം സോഫ്‌റ്റ്‌വെയറില്ലാത്തതിനാൽ അനുവദനീയമായ പരിധിക്കുള്ളിൽ ഗൈഡ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്.

ദേശീയ, അന്തർദേശീയ വിദഗ്ദ്ധരാണ് പ്രബന്ധങ്ങളിൽ മൂല്യനിർണയം നടത്തുന്നത്.ഗവേഷണത്തിലെ കണ്ടെത്തലുകൾ പ്രായോഗിക ജീവിതത്തിനുതകുന്ന വിധത്തിലാക്കാൻ വാഴ്സിറ്റികളിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾ ആരംഭിക്കും. പേറ്റന്റുകൾ നേടിയെടുക്കാൻ വാഴ്സിറ്റികളിൽ സെല്ലുകളുണ്ടെന്നും ആബിദ് ഹുസൈൻ തങ്ങളുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.